ആലത്തൂർ : ഒന്നാം വിള നെല്ലെടുപ്പിന് സ്വകാര്യ മില്ലുടമകളും സപ്ലൈകോയുമായി തിങ്കളാഴ്ച കരാർ ഒപ്പിട്ടേക്കും. വെള്ളപ്പൊക്കം, തീപ്പിടിത്തം തുടങ്ങിയ പ്രകൃതിക്ഷോഭം മൂലം നെല്ലിനോ അരിക്കോ ഉണ്ടാകുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്വം മില്ലിനും സപ്ലൈകോയ്ക്കും തുല്യമായിരിക്കും എന്ന വ്യവസ്ഥകൂടി കരാറിൽ ഉൾപ്പെടുത്താൻ ശനിയാഴ്ച പരസ്പര ധാരണയായി.

നേരത്തേ മന്ത്രി ജി.ആർ. അനിലുമായി ധാരണയായ കാര്യങ്ങൾ വെള്ളിയാഴ്ച തങ്ങൾക്ക് നൽകിയ കരാറിന്റെ പകർപ്പിൽ ഇല്ലെന്ന് പറഞ്ഞാണ് മില്ലുടമകൾ കരാർ ഒപ്പിടാൻ വിസമ്മതിച്ചത്. അരിമിൽ ഉടമകൾ ഉന്നയിച്ച അഞ്ച് വ്യവസ്ഥകൾ കൂടി കരാറിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഇത്.

സിവിൽ സപ്ലൈസ് കോർപറേഷൻ എം.ഡി. അലി അസ്ഗർ പാഷയുമായി നടത്തിയ ചർച്ചയിലാണ് ധാരണ. കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ കെ.കെ. കർണൻ, എ. സുരേന്ദ്രൻ, പുഷ്പാംഗതൻ, വർക്കി പീറ്റർ എന്നിവരും പങ്കെടുത്തു.

വണ്ടിയിൽ നെല്ല് കയറ്റുന്നതിനുള്ള കൂലി സപ്ലൈകോ നൽകുക, സംഭരിച്ച നെല്ല്‌ അരിയാക്കി നൽകുന്നതിനുള്ള ചാക്ക് സപ്ലൈകോ നൽകുക, സംഭരണ സമയത്ത് ഉണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കുന്നത് എന്ത് മാനദണ്ഡപ്രകാരമാണെന്ന് വ്യക്തമാക്കുക, രണ്ട് പ്രാവശ്യം കോർപറേഷൻ ഗുണനിലവാര പരിശോധന നടത്തി മില്ലിൽ നിന്നെടുക്കുന്ന അരിക്ക്‌ പിന്നീടുണ്ടാകുന്ന മാറ്റത്തിന്റെ പേരിലുള്ള തർക്കം മില്ലുകാരുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ പിന്നീട് പരിഗണിക്കും.