വടക്കഞ്ചേരി : മൂന്നുമാസം മുമ്പ് റീടാറിങ് നടത്തിയ വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത തകർന്നുതുടങ്ങി. വടക്കഞ്ചേരിക്കും വാണിയമ്പാറയ്ക്കുമിടയിലെ ചുവട്ടുപാടം, ശങ്കരംകണ്ണംതോട്, പന്തലാംപാടം, നീലിപ്പാറ എന്നിവിടങ്ങളിൽ റോഡ് തകർന്ന് കുഴികളായി. തകർച്ച പെട്ടെന്ന് മനസ്സിലാകാത്തതിനാൽ മിക്ക വാഹനങ്ങളും കുഴിയിൽച്ചാടും. ആറുവരിപ്പാതയുടെ 90 ശതമാനം ജോലികൾ പൂർത്തിയായെന്നും യാത്ര സുഗമമായെന്നും ചൂണ്ടിക്കാട്ടി കരാർ കമ്പനിയായ കെ.എം.സി. ടോൾ പിരിവ് തുടങ്ങാനുളള ഒരുക്കങ്ങൾ നടത്തുമ്പോഴാണ് ഈ സ്ഥിതി.

കൊമ്പഴയിൽനിന്ന് കുതിരാൻ തുരങ്കത്തിലേക്ക് പ്രവേശിക്കുന്ന പാലത്തിലെ ജോയിന്റുകൾ കുത്തിപ്പൊളിച്ച് നന്നാക്കുന്നതിനാൽ ഒരു വരിയിലൂടെ നിയന്ത്രിതമായാണ് ഗതാഗതം. ചില സമയങ്ങളിൽ പാലത്തിൽ ഗതാഗതക്കുരുക്കും രൂപപ്പെടും. നിർമാണത്തിലെ അപാകത്തെത്തുടർന്നാണ് പാലത്തിലെ ജോയിന്റുകൾ കുത്തിപ്പൊളിച്ച് നന്നാക്കുന്നത്. മഴ അല്പം ശക്തിപ്പെട്ടാൽ പാലത്തിൽ വെളളക്കെട്ടും ഉണ്ടാകും. വെളളം ഒഴുകിപ്പോകാൻ ഓവുണ്ടെങ്കിലും പ്രയോജനമില്ല.

വടക്കഞ്ചേരി സർവീസ് റോഡ്, തേനിടുക്ക് പാലം, പന്നിയങ്കര എന്നിവിടങ്ങളിലും മഴപെയ്താൽ റോഡിൽ വെളളക്കെട്ടാണ്. ആറുവരിപ്പാതയുടെ ഭാഗമായുളള കുതിരാൻ തുരങ്കത്തിലെ ചോർച്ചയും ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

നിർമാണത്തിലെ അശാസ്ത്രീയതയും നിലവാരക്കുറവുമാണ് ആറുവരിപ്പാതയിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ആക്ഷേപമുയർന്നിട്ടുളളത്. നിർമാണത്തിലെ പിഴവ് ദേശീയപാതാ അതോറിറ്റി തന്നെ പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും കരാർ കമ്പനിക്ക് പരിഹരിക്കാനായിട്ടില്ല. കരാർ കമ്പനിക്ക് വിദഗ്ധ തൊഴിലാളികളില്ലെന്നും ആക്ഷേപമുണ്ട്. ആറുവരിപ്പാതയിലുണ്ടായിട്ടുളള പ്രശ്‌നങ്ങൾ സ്വാഭാവികമാണെന്നും നിർമാണത്തിൽ അപാകങ്ങളുണ്ടായിട്ടില്ലെന്നുമാണ് കരാർ കമ്പനി അധികൃതർ പറയുന്നത്.