ഒറ്റപ്പാലം : മഴയുടെ ഭീതിയൊഴിയാത്ത സാഹചര്യത്തിൽ അപകടസാധ്യതാ മേഖലയിലുള്ള താമസക്കാരെ എത്രയുംപെട്ടെന്ന് മാറ്റാൻ തീരുമാനം. ഒറ്റപ്പാലം താലൂക്കിലെ മഴക്കെടുതികൾ വിലയിരുത്താൻ ഒറ്റപ്പാലം, ഷൊർണൂർ എം.എൽ.എ.മാരുടെ നേതൃത്വത്തിൽ താലൂക്ക് വികസനസമിതി ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പലയിടങ്ങളിലും മലയോരങ്ങളിൽ താമസിക്കുന്നവർ അപകടഭീതി അറിയിച്ചിട്ടും താമസംമാറാൻ കൂട്ടാക്കുന്നില്ലെന്ന പരാതിയും യോഗത്തിൽ ഉയർന്നു.

എന്നാൽ, മഴ ഇനിയും ശക്തമായി പെയ്തേക്കാമെന്ന സാഹചര്യത്തിൽ എങ്ങിനെയും ഇവരെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കാനും ആവശ്യമെങ്കിൽ പോലീസ് സഹായം തേടാനും യോഗം തീരുമാനിച്ചു. താലൂക്കിൽ വീടുകൾക്ക് ഉണ്ടായ നാശനഷ്ടത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ ഉടൻ ശേഖരിച്ച് സമർപ്പിക്കാൻ തഹസിൽദാർക്ക് ഒറ്റപ്പാലം സബ്കളക്ടർ നിർദേശം നൽകി.

താലൂക്കിലെ പലയിടങ്ങളിലും അപകടസാധ്യതയുള്ള മരങ്ങൾ വെട്ടിമാറ്റാൻ തദ്ദേശസ്ഥാപനങ്ങൾ ഉടൻ നടപടിയെടുക്കണമെന്നും ഇതിന് വനംവകുപ്പിന്റെ സേവനം ഉപയോഗിക്കാനും യോഗത്തിൽ തീരുമാനമായി. കൃഷിനാശത്തിന്റെ വിവരങ്ങൾ ശേഖരിച്ച് നഷ്ടപരിഹാരത്തുക കാലതാമസമില്ലാതെ വിതരണം ചെയ്യുകയും വേണം. പാലക്കാട്-കുളപ്പുള്ളി പാതയിൽ അഴുക്കുചാലുകൾ അടഞ്ഞുകിടക്കുന്നത് വെള്ളം റോഡിലൂടെ ഒഴുകാനും ഇത് റോഡിന്റെ നാശത്തിനും ഒപ്പം ഒറ്റപ്പാലം നഗരത്തിൽ ഗതാഗതക്കുരുക്കിനും കാരണമായതായി ഒറ്റപ്പാലം സി.ഐ. വി. ബാബുരാജ് പറഞ്ഞു. വെള്ളക്കെട്ട് ഒഴിവാക്കി ഗതാഗതം സുഖമമാക്കാൻ പൊതുമരാമത്ത് വകുപ്പിനും തദ്ദേശസ്ഥാപനങ്ങൾക്കും നിർദേശം നൽകി. എം.എൽ.എ.മാരായ കെ. പ്രേംകുമാർ, പി. മമ്മിക്കുട്ടി, ഒറ്റപ്പാലം സബ് കളക്ടർ ശിഖ സുരേന്ദ്രൻ, ചെർപ്പുളശ്ശേരി നഗരസഭാധ്യക്ഷൻ കെ. രാമചന്ദ്രൻ, ഒറ്റപ്പാലം നഗരസഭാധ്യക്ഷ കെ. ജാനകിദേവി, പഞ്ചായത്ത് പ്രസിഡന്റുമാർ, വകുപ്പുമേധാവികൾ തുടങ്ങിയവർ സംസാരിച്ചു.

സന്നദ്ധസേനയെതയ്യാറാക്കണം

ഓരോ തദ്ദേശസ്ഥാപനങ്ങളിലും പ്രകൃതിക്ഷോഭമുണ്ടായാൽ പെട്ടെന്ന് ഇടപെടാനാകുംവിധം സന്നദ്ധസേനയെ രൂപവത്കരിക്കണമെന്ന് നിർദേശം. ഓരോ തദ്ദേശസ്ഥാപന പരിധിയിലും 50 അംഗങ്ങളുള്ള സന്നദ്ധസേനയെ ഒരുക്കാൻ കെ. പ്രേംകുമാർ എം.എൽ.എ.യാണ് നിർദേശം നൽകിയത്.