കോയമ്പത്തൂർ : ആന്ധ്രപ്രദേശിൽനിന്ന്‌ കഞ്ചാവ്‌ കൊണ്ടുവന്ന്‌ കോയമ്പത്തൂരിൽ വില്പന നടത്തുന്ന മൂന്നംഗസംഘത്തെ സിറ്റിപോലീസ്‌ പിടികൂടി.

കഞ്ചാവ്‌ വാങ്ങിക്കാൻവന്നവരായി നടിച്ചാണ്‌ പ്രത്യേക പോലീസ്‌ സംഘം വില്പനക്കാരെ കുടുക്കിയത്‌.

സാധനംവാങ്ങാൻ പോത്തനൂരിൽ വരാനായിരുന്നു അവർക്ക്‌ നിർദേശം. പോത്തനൂരിൽച്ചെന്ന പോലീസ്‌ ഇടപാടുകാരുമായി കച്ചവടമുറപ്പിച്ചു. തുടർന്നാണ് അവിടെനിന്ന്‌ എറണാകുളം മുളവംകാട് സ്വദേശി പി. ആന്റണി, മധുര ഉസലാംപട്ടി സ്വദേശി എൻ. മായൻ എന്നിവരെ അറസ്റ്റ് ചെയ്തത്‌.

ഇവരിൽനിന്ന് 10 കിലോഗ്രാം കഞ്ചാവും ബൈക്കും പിടിച്ചെടുത്തു. ഇവരെ ചോദ്യംചെയ്തതിൽനിന്ന് കിട്ടിയ വിവരമനുസരിച്ച് തേനി സ്വദേശി മുരുഗാനന്ദനെയും (49) പിടികൂടി.

ഒറ്റക്കാൽമണ്ഡപത്തിന്‌ സമീപം ആന്റണിയുടെപേരിൽ വീട്‌ വാടകക്കെടുത്താണ്‌ കഞ്ചാവ്‌ വില്പന ആസൂത്രണംചെയ്തിരുന്നതെന്ന് പോലീസ്‌ പറഞ്ഞു.

വിശാഖപട്ടണത്തുനിന്നാണ്‌ കഞ്ചാവ്‌ കൊണ്ടുവരുന്നതെന്നും വ്യക്തമായി. വാടകവീട്ടിലെ പരിശോധനയിൽ 14 കിലോഗ്രാം കൂടി കഞ്ചാവ്‌ കണ്ടെടുത്തു. മൂന്നുപേരെയും റിമാൻഡ്‌ ചെയ്തു.