പാലക്കാട് : ഗവ. മെഡിക്കൽ കോളേജ് വളപ്പിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ കോവിഡ് ആർ.ടി.പി.സി.ആർ. മൊബൈൽ ടെസ്റ്റിങ് ലബോറട്ടറിയിൽനിന്നുള്ള മാലിന്യം പരിസരത്തുതന്നെ തള്ളുന്നു. ലാബിൽനിന്നുള്ള പി.പി.ഇ. കിറ്റ്, ഗ്ലൗസ്, മാസ്ക്, സ്ലാബെടുത്തതടക്കമുള്ള മാലിന്യങ്ങളാണ് പ്ലാസ്റ്റിക് ചാക്കുകളിലാക്കി സമീപത്ത് തള്ളിയിരിക്കുന്നത്.

ദിവസങ്ങളോളമുള്ള മാലിന്യം ഇവിടെ കൂമ്പാരമായി ഇട്ടിരിക്കുന്ന സ്ഥിതിയാണുള്ളത്. കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിലും ആർ.ടി.പി.സി.ആർ. മൊബൈൽ ടെസ്റ്റിങ് ലബോറട്ടറിയിൽനിന്നുള്ള മാലിന്യം ഇത്തരത്തിൽ തള്ളുന്നത് സുരക്ഷിതമല്ലെന്ന ആക്ഷേപമാണ് പരിസരവാസികളിൽനിന്നുമുയരുന്നത്. പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിനുസമീപത്തായാണ് സ്വകാര്യ കമ്പനിയുടെ ആർ.ടി.പി.സി.ആർ. മൊബൈൽ ടെസ്റ്റിങ് ലബോറട്ടറി പ്രവർത്തിക്കുന്നത്. ഗവ. മെഡിക്കൽ കോളേജിൽ ആർ.ടി.പി.സി.ആർ. പരിശോധന ലാബ് പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമെയാണ് കോവിഡ് ആർ.ടി.പി.സി.ആർ. പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിനായി സർക്കാർ നിർദേശപ്രകാരം കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെ.എം.എസ്.സി.എൽ.) നേതൃത്വത്തിൽ സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയത്.

സ്വകാര്യ ലാബിലെ മാലിന്യം ഇമേജിലേക്ക് സംസ്കരിക്കുന്നതിനായി നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഗവ. മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.