തിരുവേഗപ്പുറ : കനത്തമഴയിൽ ആശങ്കകൾ വിട്ടൊഴിയാതെ വിളയൂർ, തിരുവേഗപ്പുറ, കുലുക്കല്ലൂർ മേഖലയിലെ തൂതപ്പുഴയോരവാസികൾ. രണ്ടുദിവസംമുൻപ്‌ ഉണ്ടായ മഴയിൽ പുഴ കരകവിഞ്ഞ് പലയിടത്തും വെളളം കയറിയിരുന്നു. സമാനമായ സ്ഥിതിതന്നെയാണ് വീണ്ടും ഉണ്ടായിരിക്കുന്നത്. പുഴയിൽ ശക്തമായ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്.

കനത്ത മഴയിലും കാറ്റിലും മരങ്ങൾ വീണുളള നാശനഷ്ടങ്ങളും വ്യാപകമായി. തിരുവേഗപ്പുറ ചെമ്പ്ര പട്ടന്മാർതൊടിയിൽ അബൂബക്കറിന്റെ വീടിന് തെങ്ങ് വീണ് കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല.

നെടുങ്ങോട്ടൂർ ഓടുപാറ വേലായുധന്റെ വീടിനുമുകളിലേക്കും പുളിമരം വീണ് നാശനഷ്ടം സംഭവിച്ചു. നടുവട്ടം പൂവത്തുപടി കാർത്യായനിയുടെ വീട്ടുകിണറിന്റെ ആൾമറ ഇടിഞ്ഞുവീണു. സംഭവസ്ഥലങ്ങൾ റവന്യൂ, പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു.

സഹായകേന്ദ്രം തുടങ്ങി

ആനക്കര : മഴയെത്തുടർന്ന് ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ചതോടെ തീരത്ത് താമസിക്കുന്നവർ കൂടുതൽ ജാഗ്രതപുലർത്തണമെന്ന് ആനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി പഞ്ചായത്ത് സഹായകേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ: 9895521406, 6238001546, 9539541589.