തെങ്കര : ഇരുചക്രവാഹനത്തിൽ ചന്ദനം കടത്താൻ ശ്രമിച്ച യുവാക്കളെ മണ്ണാർക്കാട് പോലീസ് പിടികൂടി. മണ്ണാർക്കാട് ചങ്ങലീരി സ്വദേശി കുറ്റിക്കാടൻ മുഹമ്മദ് ഫാസിൽ (23), കൈതച്ചിറ സ്വദേശി താടിക്കമ്മൽ സുജിത്ത് (24) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന്‌ 15 കഷ്ണങ്ങളാക്കിയ അഞ്ചരക്കിലോ ചന്ദനത്തടികൾ പോലീസ് കണ്ടെടുത്തു.

വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ പോലീസിന്റെ വാഹനപരിശോധനക്കിടെയാണ് തെങ്കര മേലാമുറിയിൽവെച്ച് പ്രതികളെ പിടികൂടിയത്. അട്ടപ്പാടിയിൽനിന്നാണ് പ്രതികൾ ചന്ദനം കടത്തിയതെന്ന് പോലീസ് പറഞ്ഞു. മണ്ണാർക്കാട് എസ്.ഐ. ജസ്റ്റിന്റെ നേതൃത്വത്തിൽ സി.പി.ഒ.മാരായ ദാമോദരൻ, ജയകൃഷ്ണൻ, ഷഫീഖ്, പ്രഭാകരൻ എന്നിവരടങ്ങിയ സംഘമാണ് ചന്ദനം പിടികൂടിയത്. പ്രതികളെ വനംവകുപ്പിന് കൈമാറി.