അഗളി : അട്ടപ്പാടി കക്കുപ്പടിയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വനംവകുപ്പ് വെടിവെച്ച് കൊന്നു. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാവിലെയാണ് കക്കുപ്പടിയിലെ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെ കൊന്നത്.

അട്ടപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സുബൈറിന്റെ നേതൃത്വത്തിലാണ് കാട്ടുപന്നിയെ വെടിവെച്ചുകൊന്നത്.

19 കിലോ തൂക്കമുള്ള കാട്ടുപന്നിയെ നാല് മണിക്കൂർ പിന്തുടർന്നാണ് വെടിവെച്ച് കൊല്ലാൻ സാധിച്ചത്. കൃഷിസ്ഥലത്തെത്തുന്ന കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാമെന്ന സർക്കാർ ഉത്തരവിറങ്ങിയശേഷം അട്ടപ്പാടിയിൽ ആദ്യമായാണ് കക്കുപ്പടിയിൽ കാട്ടുപന്നിയെ വെടിവെച്ച് കൊല്ലുന്നത്. ജഡം ചെമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷനിൽ സംസ്കരിച്ചു.