മണ്ണൂർ : കബളിപ്പിക്കപ്പെട്ട കാഴ്ചയില്ലാത്ത ലോട്ടറി വില്പനക്കാരന് ആശ്വാസമായി പഞ്ചായത്തംഗമെത്തി. ലോട്ടറി വില്പനക്കാരൻ നഗരിപ്പുറം വലിയവീട്ടിൽ അനിൽകുമാറിനാണ് സഹായം നൽകിയത്. ബുധനാഴ്ച വൈകീട്ട് പതിവുപോലെ ലോട്ടറി വിൽക്കുന്നതിനിടെ ബൈക്കിലെത്തിയ ഒരു യുവാവ് അനിൽകുമാറിനോട് ലോട്ടറി ടിക്കറ്റുകളാവശ്യപ്പെട്ടു.

ഇഷ്ടമുള്ള ടിക്കറ്റുകൾ തിരഞ്ഞെടുക്കാനായി അനിൽകുമാർ ടിക്കറ്റുകൾ യുവാവിന് കൈമാറി. തുടർന്ന്, തന്റെ കൈയിൽ സമ്മാനം ലഭിച്ച ടിക്കറ്റുണ്ടെന്നും പണം തരുമോയെന്നും യുവാവ് ചോദിച്ചു. കണ്ണുകാണാത്തതിനാൽ ടിക്കറ്റ് പരിശോധിച്ച് പണം നൽകാനാവില്ലെന്ന് അനിൽകുമാർ പറഞ്ഞു.

ഇതിനിടെ, അനിൽകുമാറിന്റെ കൈയിൽനിന്ന്‌ വാങ്ങിയ ടിക്കറ്റുകൾ യുവാവ് പോക്കറ്റിലിടുകയും തന്റെ കൈയിലുണ്ടായിരുന്ന പഴയ ടിക്കറ്റുകൾ അനിൽകുമാറിന് നൽകി സ്ഥലംവിടുകയും ചെയ്തു. 11 പുതിയ ടിക്കറ്റിന് പകരം 11 പഴയ ടിക്കറ്റുകളാണ് തിരിച്ച് നൽകിയത്. നഗരിപ്പുറത്തുവെച്ചാണ് സംഭവം.

തുടർന്ന് അനിൽകുമാറിൽനിന്ന് ടിക്കറ്റ് വാങ്ങിയ ആളാണ് പഴയ ടിക്കറ്റുകൾ കണ്ടെത്തിയത്. പാലക്കാട് ഭാഗ്യ സ്റ്റോറിൽനിന്നെടുത്ത അക്ഷയ ലോട്ടറിയുടെ പഴയ ടിക്കറ്റുകളാണ് യുവാവ് തിരിച്ചുനൽകിയത്.

സംഭവമറിഞ്ഞ പഞ്ചായത്തംഗം വി.എ. അൻവർ സാദിക് സുഹൃത്തുക്കളുമായെത്തി പുതിയ ടിക്കറ്റുകൾ വാങ്ങാനുള്ള പണം അനിൽകുമാറിന് കൈമാറി.

സി.സി.ടി.വി. ക്യാമറകളുടെ സഹായത്തോടെ നടപടിയെടുക്കണമെന്ന് വി.എം. അൻവർ സാദിക് ആവശ്യപ്പെട്ടു. അനിൽകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മങ്കര പോലീസ് അന്വേഷണം തുടങ്ങി.