ഷൊർണൂർ : ടിപ്പുവിന്റെ പടയോട്ടം കണ്ടൊരു റോഡിത്...

ടിപ്പറുപോലും പോകാത്തൊരു ഗതിയിന്ന്...

വാണിയംകുളം-കോതകുറിശ്ശി പാതയും അതിലൂടെയുള്ള യാത്രയുടെ ദുരിതവും പാട്ടിലൂടെ അവതരിപ്പിക്കയാണ് അനങ്ങനടി പഞ്ചായത്ത് മുൻ അംഗം ഇബ്രാഹിം മേനക്കം. അഞ്ചുവർഷത്തോളമായുള്ള പ്രശ്‌നത്തിന് പരിഹാരംകാണാത്തതിലെ പ്രതിഷേധമാണ് വരികളിൽ. സമരങ്ങളും പരാതികളും നൽകിയിട്ടും പരിഹാരമാകാത്തതിനെ ത്തുടർന്നാണ് വേറിട്ടൊരു പ്രതിഷേധം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസിനോട് പ്രശ്‌നപരിഹാരം കാണണമെന്നാണ് പാട്ടിലൂടെ ആവശ്യപ്പെടുന്നത്.

കഴിഞ്ഞദിവസം എഴുതിത്തയ്യാറാക്കിയ പാട്ട് വെള്ളിയാഴ്ച റെക്കോഡ്ചെയ്ത് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു. പാട്ടിലൂടെ പ്രതിഷേധിച്ചവിവരം ഒറ്റപ്പാലത്തുനിന്നും ചളവറയിൽനിന്നും മന്ത്രിക്ക് അയച്ചുനൽകിയിട്ടുണ്ടെന്ന് ഇബ്രാഹിംമേനക്കം പറഞ്ഞു. അനങ്ങനടി മുസ്‌ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി അംഗമാണ് ഇബ്രാഹിം. 2019-ൽ 20 കോടിയോളം രൂപ അനുവദിച്ച് ആരംഭിച്ച പാതയുടെ പ്രവൃത്തി ഇനിയും പൂർത്തിയാക്കാനായിട്ടില്ല. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് നിർമാണ പ്രവൃത്തി നടത്തിയെങ്കിലും പാതിവഴിയിൽ നിലച്ചു. പിന്നീട് കേരള റോഡ് ഫണ്ട് ബോർഡ് ഈ പ്രവൃത്തി ഏറ്റെടുത്തെങ്കിലും ഇപ്പോഴും സാങ്കേതികപ്രശ്‌നങ്ങളിൽക്കുടുങ്ങി കിടക്കയാണ്.