പാലക്കാട് : അട്ടപ്പാടിയിലെ ഊരുകളിൽ കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ഊരുകളിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു. ഊരുകളിൽനിന്നുള്ളവർ പുറത്തുപോകുന്നതും പുറത്തുനിന്നുള്ളവർ ഊരുകളിൽ പ്രവേശിക്കുന്നതും പരിശോധിക്കുന്നതായി ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസർ വി.കെ. സുരേഷ്‌ കുമാർ അറിയിച്ചു. ഊരുനിവാസികൾ പുറത്തുപോവാതിരിക്കാനായി ഊരുകളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ ഐ.ടി.ഡി.പി. ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ എത്തിക്കുന്നുണ്ട്. കൂടാതെ മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ നേതൃത്വത്തിൽ അവശ്യമരുന്നുകൾ എത്തിക്കുന്നതായും ഊരുകൾ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന മാവേലിസ്റ്റോറുകൾ സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായും പ്രോജക്ട് ഓഫീസർ അറിയിച്ചു.

ഊരുകളിൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കോവിഡ് വാക്‌സിനേഷൻ ക്യാമ്പുകൾ സജീവമായി തുടരുന്നുണ്ട്. കളക്ടർ മൃൺമയി ജോഷി ശശാങ്ക്, ഒറ്റപ്പാലം സബ് കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ അട്ടപ്പാടിയിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തി. അട്ടപ്പാടി നോഡൽ ഓഫീസർ കൂടിയായ അർജുൻ പാണ്ഡ്യന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.