പട്ടാമ്പി : താലൂക്കിൽ കോവിഡ് രോഗികളുടെ എണ്ണമുയരുന്ന സാഹചര്യത്തിൽ പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിൽ പ്രഥമചികിത്സാ കേന്ദ്രം തുടങ്ങി. ആരോഗ്യപ്രവർത്തകരുടെ പരിമിതിയിലും കോവിഡ് രോഗികളുടെ നിലവിലുള്ള സഹചര്യം കണക്കിലെടുത്താണ് അടിയന്തരമയി സി.എഫ്.എൽ.ടി.സി., സി.എസ്.എൽ.ടി.സി. പ്രവർത്തനം തുടങ്ങിയതെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. അറിയിച്ചു.

നിലവിൽ പരിമിതമായ സൗകര്യത്തിലാണ് ആദ്യഘട്ടത്തിൽ കെയർ സെന്റർ ആരംഭിക്കുന്നതെങ്കിലും കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിച്ച് വരും ദിവസങ്ങളിൽ കൂടുതൽ രോഗികളെ ഏറ്റെടുക്കാൻ കഴിയുംവിധം കോവിഡ് കെയർ സെന്ററിന്റെ പ്രവർത്തനം വിപുലീകരിക്കുമെന്നും എം.എൽ.എ. പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് എം.എൽ.എ.യുടെ നേതൃത്വത്തിൽ പട്ടാമ്പി നഗരസഭ ഭരണസമിതി അംഗങ്ങളും അധികൃതരും കേന്ദ്രം സന്ദർശിച്ചു.

500 കിടക്കകളാണ് കോവിഡ് കെയർ സെന്ററിൽ ഒരുക്കിയിരിക്കുന്നത്. ഇതിൽ 165 ഓക്‌സിജൻ കിടക്കകളാണ് ഉണ്ടാവുക. ഇവ സയൻസ് ബ്ലോക്കിലെ രണ്ട് ബ്ലോക്കുകളുടെയും താഴെ നിലകളിലെ 17 മുറികളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. രോഗതീവ്രത കുറവുള്ള സ്ത്രീകൾക്ക് ഒന്നാം നിലയിലും പുരുഷന്മാർക്ക് രണ്ടാം നിലയിലുമാണ് ചികിത്സ ലഭ്യമാക്കുക.

നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി, ഉപാധ്യക്ഷൻ ടി.പി. ഷാജി, നഗരസഭ സെക്രട്ടറി ഇ. നാസിം, എൻ.പി. വിനയകുമാർ, ജില്ലാ മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. പത്മനാഭൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുറഹ്മാൻ, ഹെൽത്ത് ഇൻസ്‌പെക്ടർ എം. അബ്ദുൾ സത്താർ എന്നിവരും പരിശോധനക്കെത്തിയിരുന്നു. പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിൽ കോവിഡ് പ്രാഥമികചികിത്സാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു