വിദ്യാർഥികളുടെ ഭാവി പ്രധാനമെന്ന് മന്ത്രി

ചെന്നൈ : സംസ്ഥാന സിലബസിലെ വിദ്യാർഥികൾക്ക് പ്ലസ്ടു പൊതുപരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി അറിയിച്ചു. 'ഓൾ പാസ്' പ്രഖ്യാപിച്ച് വിദ്യാർഥികളുടെ പുകഴ്ത്തൽ കേൾക്കുന്നതല്ല വിദ്യാർഥികളുടെ ഭാവിക്കാണ് സർക്കാർ പ്രധ്യാന്യം കൊടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷാ നടത്തിപ്പിനെക്കുറിച്ചുള്ള ആലോചനകൾനടന്നുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ വിദഗ്ധർ, രക്ഷിതാക്കൾ, വിദ്യാർഥികൾ, സ്‌കൂൾ അധികൃതർ എന്നിവരുമായി അഭിപ്രായ ശേഖരണം നടത്തുന്നുണ്ട്. പ്ലസ്ടുവിന് പരീക്ഷ നടത്തണമെന്നാണ് പൊതുവിലുള്ള അഭിപ്രായം. ഇത് മുഖവിലെയ്ക്കടുത്ത് പരീക്ഷ നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

പരീക്ഷ നടത്താതെ ജയിച്ചതായി പ്രഖ്യാപിച്ചാൽ വിദ്യാർഥികൾക്ക് സന്തോഷമാവുകയും അവർ സർക്കാരിനെ പുകഴ്ത്തുകയും ചെയ്തേക്കും. എന്നാൽ സർക്കാരിന് വിദ്യാർഥികളുടെ ഭാവിയാണ് പ്രധാനം. സുരക്ഷിതമായി പരീക്ഷ നടത്തി എല്ലാവരും നല്ല മാർക്ക് നേടി ഉന്നതവിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുകയാണ് ലക്ഷ്യം- മന്ത്രി പറഞ്ഞു. ഈമാസം നടത്താൻ നിശ്ചയിച്ച പ്ലസ്ടു പരീക്ഷ കോവിഡ് വ്യാപനം കാരണമാണ് നീട്ടിവെച്ചത്. പ്രാക്ടിക്കൽ പരീക്ഷ നേരത്തേ നടത്തി പൂർത്തിയാക്കിയിരുന്നു. പ്ലസ് വൺ വരെ വിദ്യാർഥികളെ പരീക്ഷയില്ലാതെ ജയിപ്പിക്കാൻ കഴിഞ്ഞ സർക്കാർ തീരുമാനിച്ചിരുന്നു.

ഇതിൽ പത്താം ക്ലാസുകാർക്ക് ഏതുതരത്തിൽ മാർക്ക് നൽകുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ കഴിഞ്ഞയാഴ്ച വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിൽ ആലോചനായോഗങ്ങൾ നടന്നിരുന്നു.

വൈകാതെ ഇതിൽ തീരുമാനമെടുക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അധികൃതർ നൽകുന്ന വിവരം. ഇത് പൂർത്തിയായാൽ സ്കൂളുകളിലേക്കുള്ള വിദ്യാർഥി പ്രവേശന നടപടികൾ ആരംഭിക്കും. കോവിഡ് വ്യാപനം കുറഞ്ഞതിന് ശേഷം പ്ലസ്ടു പരീക്ഷ നടത്താനാണ് തീരുമാനം.

ഇതിനുമുമ്പായി പരീക്ഷ നടത്താനുള്ള എല്ലാ നടപടികളും പൂർത്തിയാക്കുമെന്നും അധികൃതർ പറഞ്ഞു.