പാലക്കാട് : ലോക്ഡൗൺകാലത്ത് താത്കാലികമായി റദ്ദാക്കിയ തീവണ്ടികൾ ബുധനാഴ്ച ഓടിത്തുടങ്ങി. ഏതാനും വണ്ടികൾ വ്യാഴാഴ്ചയും സർവീസ് പുനരാരംഭിക്കുന്നുണ്ട്.

ബുധനാഴ്ച പാലക്കാട്, ഷൊർണൂർ സ്റ്റേഷനുകൾവഴി 32 തീവണ്ടികളാണ് കടന്നുപോയത്. ബെംഗളൂരുവിലേക്കുള്ള വണ്ടിയിൽ 800-ലേറെ യാത്രക്കാരുണ്ടായിരുന്നു.

ദീർഘദൂരവണ്ടികളിൽ ഉത്തരേന്ത്യയിലെ കേന്ദ്രങ്ങളിലേക്ക് യാത്രക്കാരുണ്ടെങ്കിലും കേരളത്തിനകത്ത് യാത്രചെയ്യാൻ റിസർവ് ചെയ്യുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ വ്യാഴാഴ്ച നടപ്പായിത്തുടങ്ങുന്നതോടെ കൂടുതൽ യാത്രക്കാരെത്തുമെന്നാണ്‌ പ്രതീക്ഷ.

കൊച്ചുവേളി-നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ്സിൽ ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്കും നിലമ്പൂരിൽനിന്ന് തിരുവനന്തപുരത്തേക്കും യാത്ര ആരംഭിച്ചശേഷവും കറന്റ് റിസർവേഷൻ സൗകര്യം നിലവിലുള്ളതായി റെയിൽവേ അധികൃതർ അറിയിച്ചു. ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിൽ കൊച്ചുവേളിയിൽനിന്ന് ഗൊരഖ്പുരിലേക്കുള്ള പ്രത്യേകവണ്ടി ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ സർവീസ് തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. തിരികെയുള്ള വണ്ടിയും ഓട്ടം തുടരും.