പാലക്കാട് : തീവണ്ടിയോട്ടം പഴയപടി ആയില്ലെങ്കിലും കഴിഞ്ഞ ഏഴുമാസത്തിനിടെ ദക്ഷിണ റെയിൽവേക്ക്‌ പിഴയീടാക്കിയതിലൂടെ ലഭിച്ചത് 35.47 കോടിരൂപ.

ഇതിൽ മുഖാവരണം ധരിക്കാതെ യാത്രചെയ്യുകയും റെയിൽവേ വക സ്ഥലങ്ങളിലെത്തുകയും ചെയ്ത 32,624 പേരിൽനിന്ന് ഈടാക്കിയ 1.62 കോടിയും ഉൾപ്പെടും.

പുതിയ സാമ്പത്തികവർഷം ആരംഭിച്ച ഏപ്രിൽ ഒന്നുമുതൽ ഒക്ടോബർ 12 വരെ വിവിധ നിയമലംഘനങ്ങൾക്കായി ഈടാക്കിയ പിഴത്തുകയാണ് 35.47 കോടി രൂപ. ആകെ 7.12 ലക്ഷം കേസുകളും എടുത്തു.

ടിക്കറ്റില്ലാ യാത്ര, മുൻകൂർ ബുക്കുചെയ്യാത്ത ലഗേജ്, തുടങ്ങിയവയ്ക്കാണ് പിഴ ഈടാക്കിയത്. ഒക്ടോബർ 12-ന് ഒരുദിവസം മാത്രം 37 ലക്ഷംരൂപ വിവിധയിനങ്ങളിൽ പിഴയീടാക്കിയിരുന്നു.

ടിക്കറ്റില്ലാതെ യാത്രചെയ്തവരിൽനിന്ന് ചെന്നൈ ഡിവിഷൻ 12.78 കോടിയും തിരുവനന്തപുരം ഡിവിഷൻ 6.05 കോടിയും പാലക്കാട് ഡിവിഷൻ 5.52 കോടിയും പിഴയീടാക്കി.