ചെർപ്പുളശ്ശേരി : കഥകളിമേളത്തെ ആധാരമാക്കി കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർ സ്മാരകട്രസ്റ്റ് ഹാളിൽ ഏഴുദിവസത്തെ കഥകളിശില്പശാലയ്ക്ക് ശനിയാഴ്ച തിരിതെളിയുന്നു. സോദാഹരണ പ്രഭാഷണങ്ങളും കളിയരങ്ങുകളുമായാണ് ശില്പശാലയുടെ ക്രമീകരണം. കലാമണ്ഡലത്തിന്റെയും വാഴേങ്കട കുഞ്ചുനായർട്രസ്റ്റിന്റെയും കൂട്ടായ്മയിലാണ് കഥകളിമേളത്തിന്റെ സങ്കേതസാധ്യതകൾക്ക് മുൻതൂക്കംനൽകുന്ന ശില്പശാല.

കുഞ്ചുനായർ ട്രസ്റ്റിൽ നടന്നുവന്ന ശില്പശാലകളെല്ലാം കഥകളിവേഷത്തെ ആധാരമാക്കിയതും അതിന്റെ സങ്കേതസാധ്യതകളെ മുൻനിർത്തിയുള്ളതുമായിരുന്നു. മേളത്തെ അവലംബിച്ച് നടപ്പുഭാഗങ്ങളിലെ മേളസങ്കേതത്തിന്റെ വ്യവഹാരരീതിയും കാലംകൊണ്ടുവന്ന നവീകരണങ്ങളും ഭാവപ്രകാശനക്ഷമതയ്ക്ക് മേളം എങ്ങനെ സഹായകമാകുന്നു എന്നതും ചർച്ച ചെയ്യുകയാണ് ശിൽപ്പശാലയുടെ മുഖ്യ ലക്ഷ്യം. പ്രഗല്ഭരായ മേളക്കാരുടെ പേരിലാണ് ഓരോ ദിവസത്തെയും പരിപാടികളും കളിയരങ്ങുകളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. രാവിലെ 9 മുതൽ ആട്ടപ്രകാരത്തെ സംബന്ധിച്ച അവതരണങ്ങളും വൈകീട്ട് 3 മുതൽ കഥകളിയുമുണ്ടാകും.

കഥകളിമേളത്തിന്റെ നവീനസാധ്യതകൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്താനും പ്രയോക്താക്കൾക്ക് അനുഭവിച്ചറിയാനുമുള്ള സാധ്യതകൾ കഥകളിമേള ശില്പശാല തുറന്നിടും. അരങ്ങിൽ അത്രയൊന്നും പ്രയോഗത്തിലില്ലാത്ത വേഷങ്ങളുടെ മേളത്തെ പുതിയ തലമുറയ്ക്ക് കാണിച്ചുകൊടുക്കാനും ശില്പശാലയെ പ്രയോജനപ്പെടുത്തും. കേരളത്തിലെ പ്രമുഖ മേളവാദകർ ഏഴുദിവസം നീളുന്ന ശില്പശാലയിൽ പങ്കെടുക്കും.

ശനിയാഴ്ച വൈകീട്ട് 5-ന്‌ ശില്പശാല കലാമണ്ഡലം ഭരണസമിതി അംഗം ഡോ. എൻ.ആർ. ഗ്രാമപ്രകാശ് ഉദ്ഘാടനംചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് ഡോ. ടി.എസ്. മാധവൻകുട്ടി അധ്യക്ഷനാവും. ടി.കെ. വാസു മുഖ്യാതിഥിയാവും. സി.സി.ആർ.ടി. ഫെലോഷിപ്പ് ലഭിച്ച സദനം നരിപ്പറ്റ നാരായണൻനമ്പൂതിരിയെ ഉപഹാരംനൽകി അനുമോദിക്കും. 6.30-ന് കല്യാണസൗഗന്ധികം കഥകളിയുമുണ്ടാകും. കലാമണ്ഡലം ഉണ്ണിക്കൃഷ്ണനാണ് ശില്പശാലയുടെ കോ-ഓർഡിനേറ്റർ. കോട്ടയ്ക്കൽ രവി, സഹ കോ-ഓർഡിനേറ്ററും.

22-ന് ഉച്ചയ്ക്കുശേഷം 2.30-ന് ശില്പശാലാ അവലോകനവും 4.30-ന് സമാപനയോഗവും നടക്കുമെന്ന് കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, ട്രസ്റ്റ് ചെയർമാൻ കെ.ബി. രാജ് ആനന്ദ് എന്നിവർ പറഞ്ഞു.