കഞ്ചിക്കോട് : ബൈക്ക് മറിഞ്ഞ് കഴിഞ്ഞ രണ്ടുദിവസങ്ങളിലുണ്ടായത് മൂന്ന് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കഞ്ചിക്കോട് അഗ്നിരക്ഷാസേന ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കഞ്ചിക്കോട് ഫയർ‌സ്റ്റേഷന് സമീപമുള്ള മേൽപ്പാലത്തിൽ ഭാര്യയും ഭർത്താവും സഞ്ചരിച്ച ബൈക്ക് മറിഞ്ഞു.

കോയമ്പത്തൂർ ഗണപതി സ്വദേശിയായ മുഹമ്മദ് അനാസിനാണ് (38) കാലിന് ഗുരുതര പരിക്കേറ്റത്. ഭാര്യ താർവിൻ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30 ഓടെ കഞ്ചിക്കോട് ചുള്ളിമട ഭാഗത്തുണ്ടായ അപകടത്തിൽ പുതുശ്ശേരി വടക്കേത്തറവീട്ടിൽ കൃഷ്ണന് (62) പരിക്കേറ്റു. അഴുക്കുചാലിന്റെ ഉയർന്ന ഭിത്തിയിൽത്തട്ടിയുണ്ടായ അപകടത്തിൽ തലയ്ക്ക് നിസ്സാര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കഞ്ചിക്കോട് സർവീസ് റോഡിലുണ്ടായ അപകടത്തിൽ ബെംഗളൂരുവിൽനിന്ന് ബൈക്കിൽ വരികയായിരുന്ന യുവാവിനും പരിക്കേറ്റു. മാവേലിക്കര പുത്തൻപുരയ്ക്കൽവീട്ടിൽ വിഷ്ണുവിനാണ് (28) കാലിന് പരിക്കേറ്റത്.