തിരുവേഗപ്പുറ : കാലാവസ്ഥാവ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും മൂലം ആകെ ഒരുവിള കൃഷിയേ വിളത്തൂർ പാടശേഖരത്തിൽ കർഷകർ നടത്തുന്നുള്ളൂ. എന്നാൽ അതിനും പറ്റാത്ത ഗതികേടിലാണ് കർഷകർ. കൊപ്പം പഞ്ചായത്തിലെ ആമയൂർ മുതൽ തിരുവേഗപ്പുറ വരെ കടന്നുപോകുന്ന കൊപ്പം ചെമ്പ്ര തോടിന്റെ തകർച്ചയിലാണ് വിളത്തൂരിലെ 60 ഏക്കറിലധികം നെൽക്കൃഷി നശിച്ചത്. 30 ഏക്കറോളം കൃഷി ഇപ്പോഴും വെള്ളത്തിലാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലാണ് തോട് അരികിടിഞ്ഞും മറ്റുമായി പലേടത്തും തകർന്നത്. ചെമ്പ്ര തോടിന്റെ കൈത്തോടുകളും വ്യാപകമായി തകർന്നിട്ടുണ്ട്. ഇതോടെയാണ് തോട്ടിൽ നിന്നുള്ള വെള്ളം വലിയ തോതിൽ പാടങ്ങളിലേക്ക് കയറിയത്‌. തോട്ടിലെ ചിറകളുടെ അവശിഷ്ടവും പാടങ്ങളിൽ അടിഞ്ഞുകിടക്കുകയാണ്.

ഞാറുനട്ട് ആഴ്ചകൾ പിന്നിടുന്നതിന് മുൻപാണ് കൃഷി വെള്ളത്തിൽ മുങ്ങിയത്. വീണ്ടും ഞാറ് ഇറക്കുകയെന്നത് അപ്രായോഗികമാണെന്ന് പാടശേഖരസമിതി സെക്രട്ടറി പി. രതീഷ് പറഞ്ഞു. തകർന്ന തോടുകൾ പുനഃസ്ഥിതിയിലാക്കുകയെന്നതും ശ്രമകരമാണ്.

വിളത്തൂർ പാടശേഖരത്തിൽ 120 ഏക്കർ സ്ഥലത്ത് ഇത്തവണ നെൽക്കൃഷി ഇറക്കിയിട്ടുണ്ട്. ചെമ്പ്ര തോടിലുള്ള ചിറകളാണ് ജലസേചനമാർഗം. കാലാകാലങ്ങളിൽ തോട്ടിലെ കുറ്റിക്കാടുകൾ വെട്ടിത്തെളിയിക്കുകയെന്നല്ലാതെ കാര്യമായി നവീകരണം നടക്കാറില്ലെന്നാണ് കർഷകരുടെ ആക്ഷേപം.

തോട് ആഴം കൂട്ടിയുള്ള പ്രവൃത്തികൾ കർഷകരുടെ ഏറെ കാലത്തെ ആവശ്യമാണ്. പാടശേഖരത്തിലെ കൃഷിനാശവുമായി ബന്ധപ്പെട്ട് കർഷകരുടെ യോഗം വിളിച്ച് നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.