ചിറ്റൂർ : എലപ്പുള്ളി പഞ്ചായത്തിൽ ഔഷധസസ്യക്കൃഷിക്കുള്ള പദ്ധതി നടപ്പിലാക്കുന്നു. തരിശായിക്കിടക്കുന്ന ഭൂമിയിൽ ഔഷധക്കൃഷി ചെയ്യുന്നതിനെക്കുറിച്ച് ഔഷധസസ്യ ബോർഡ്, പഞ്ചായത്ത് അധികൃതർ എന്നിവരുടെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിലാണ് പദ്ധതിക്ക് രൂപം നൽകിയത്.

ഗ്രൂപ്പ് അടിസ്ഥാനത്തിലോ, വ്യക്തികൾക്കോ ഔഷധക്കൃഷി ചെയ്യാം. തോട്ടം ഒരുക്കുന്നതിനുള്ള തൈകൾക്ക് പുറമേ കൃഷി ചെലവിലേക്ക് 30 ശതമാനം മുതൽ 70 ശതമാനം വരെ സബ്സിഡി ബോർഡിൽനിന്ന് ലഭിക്കും. ഇടവിളയായും കൃഷി ചെയ്യാം.

യോഗം പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു ഔഷധത്തൈ നൽകി ഉദ്ഘാടനം ചെയ്തു. ഔഷധസസ്യ ബോർഡ് സയന്റിഫിക് ഓഫീസർ ഡോ. പിയൂസ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനിൽകുമാർ, വികസനകാര്യ സ്ഥിരാധ്യക്ഷ പുണ്യകുമാരി, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ അപ്പുക്കുട്ടൻ, ശശിധരൻ, സന്തോഷ്, സെക്രട്ടറി ഗോപാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.