കോങ്ങാട് : ശനിയാഴ്ചയുണ്ടായ ശക്തമായ മഴയിൽ കോങ്ങാട്ട് വീട് തകർന്നു. പഞ്ചായത്ത് പതിനേഴാം വാർഡ് മുണ്ടഞ്ചേരിയിലെ കുനിക്കോട് കോളനിയിൽ താമസിക്കുന്ന പൊന്നിയുടെ (70) വീടാണ് തകർന്നത്. പൊന്നിയും മകൻ രാമദാസും കുടംബവും ഇവിടെയായിരുന്നു താമസം. തിങ്കളാഴ്ച ഉച്ചയോടെയാണ് വീട് പൂർണമായും തകർന്നത്. ശക്തമായ മഴയിലും കാറ്റിലും ആദ്യം വീടിന്റെ ഓടുകൾ ഇളകുകയും വീട് ക്രമേണ തകരുകയുമായിരുന്നു. കോങ്ങാട് പഞ്ചായത്ത് മുണ്ടഞ്ചേരി വാർഡ് മെമ്പർ ശശികുമാർ സ്ഥലത്തെത്തി സഹായം ഉറപ്പുനൽകി. നിലവിൽ കുടുംബം തകർന്ന വീടിനടുത്തു തന്നെ താത്കാലിക ഷെഡ്‌ഡുകെട്ടി അതിലേക്ക് താമസംമാറ്റി.

അട്ടപ്പാടിയിൽ വ്യാപക കൃഷിനാശം

അഗളി : അട്ടപ്പാടിയിൽ കനത്ത മഴയിലും കാറ്റിലും നൂറുഹെക്ടർ കൃഷി നശിച്ചതായി അഗളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലതാ ശർമ പറഞ്ഞു. അഗളി, ഷോളയൂർ, പുതൂർ പഞ്ചായത്തുകളിലെ വാഴ, കവുങ്ങ്, കപ്പ തുടങ്ങിയ കൃഷികളാണ് നശിച്ചത്.

കുറുക്കൻകുണ്ടിലെ വട്ടുള്ളത്തിൽ തോമസ്, എരുമത്താനത്ത് ഷാജു, ജോസ്, പാലക്കാട്ടിൽ അനീഷ്, ജിനീഷ്, ചെല്ലൻ മൂപ്പൻ കതിരംപതി, കുട്ടൻ, സുരേഷ് ചെമ്മണ്ണൂർ, നസീറ റിയാസ് കതിരംപതി, ഷെരീഫ് ചെമ്മണ്ണൂർ, ബിജു കാരറ എന്നീ കർഷകർക്കാണ് വ്യാപകമായി കൃഷിനാശമുണ്ടായത്.

അട്ടപ്പാടിയിലേക്കുള്ള വൈദ്യുതി തടസ്സപ്പെട്ടു

അഗളി: കനത്തമഴയിൽ അട്ടപ്പാടിയിലേക്കുള്ള 33 കെ.വി. ലൈൻ തകരാറിലായിരിന്നതിനാൽ വൈദ്യുതി തടസപ്പെട്ടു. വെള്ളിയാഴ്ചയും രാത്രി 33 കെ.വി. ലൈൻ തകരാറായി വൈദ്യുതി തടസപ്പെട്ടിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് പുനഃസ്ഥാപിച്ചതെങ്കിലും രാത്രി ഒമ്പത് മണിയോടെ മണ്ണാർക്കാട് നിന്നുള്ള 33 കെ.വി. ലൈൻ വീണ്ടും തകരാറിലായി.