തദ്ദേശസ്ഥാപനങ്ങളിലെ പൊതുമരാമത്ത് പണികൾ പുനരാരംഭിച്ചു

പാലക്കാട് : തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നീങ്ങിയതോടെ തദ്ദേശസ്ഥാപനങ്ങളിലെ മുടങ്ങിക്കിടന്ന പൊതുമരാമത്ത് പണി പുനരാരംഭിച്ചു. പ്രാദേശികറോഡുകളുടെ നവീകരണമാണ് നടക്കുന്നത്. വർഷക്കാലം വരാനിരിക്കെ പൊതുമരാമത്ത് പണിയെല്ലാം വേഗം തീർക്കണമെന്ന് എൽ.എസ്.ജി.ഡി. പൊതുമരാമത്ത് വകുപ്പ് വിഭാഗം അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

ത്രിതല പഞ്ചായത്തുകളിലെ നിർമാണപ്രവൃത്തികൾ കഴിഞ്ഞ ഏതാനും മാസങ്ങളായി മന്ദഗതിയിലായിരുന്നു. കഴിഞ്ഞ ഡിസംബറിൽ തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വന്നതോടെ പെരുമാറ്റചട്ടങ്ങൾ പൊതുമരാമത്ത് പണികൾക്ക്‌ തടസ്സമായി.

ഇതോടെ പുതിയ ടെൻഡറുകൾ വിളിക്കാനായില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ഭാഗമായുള്ള നിയന്ത്രണം നീങ്ങിയതോടെ പൊതുമരാമത്ത് നിർമാണങ്ങളുടെ നടപടിക്രമങ്ങളും വേഗത്തിലാക്കി.

കോവിഡ് വ്യാപനഭാഗമായി അടച്ചുപൂട്ടൽ നിലനിൽക്കുന്നതിനാൽ തിരക്കൊഴിഞ്ഞ റോഡുകൾ നിർമാണപ്രവർത്തനങ്ങൾക്ക് സഹായകമായി. ഗതാഗതം തടസ്സപ്പെടുത്തി ദീർഘകാലം നീണ്ടുനിൽക്കുന്ന റോഡ് നിർമാണങ്ങൾ യാത്രക്കാരെ ദുരിതത്തിലാക്കുന്നത് പതിവാണ്.

അതിനാൽ അടച്ചുപൂട്ടൽ അവസാനിക്കുന്നതിനുള്ളിൽ പരമാവധി പണി തീർക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി അസംസ്കൃതവസ്തുക്കൾ നേരത്തേതന്നെ ലഭ്യമാക്കിയിരുന്നു. റോഡ് നവീകരണത്തിനൊപ്പംതന്നെ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പിടൽപണി വേഗത്തിലാക്കിയിട്ടുണ്ട്.