പാലക്കാട് : എടുത്തുപറയാവുന്ന വൻകിട പദ്ധതികൾക്കോ വികസനപ്രവർത്തനങ്ങൾക്കോ പാലക്കാടിന് കാര്യമായ പരിഗണന കൊടുക്കാതെയായിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. പാലക്കാട് കുഴൽമന്ദം ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസുകാരി കെ. സ്നേഹയുടെ കവിതയോടെ തുടങ്ങിയ പ്രസംഗത്തിൽ, പാലക്കാടിനുവേണ്ടി കവിതയിൽ പറയുംപോലെ കനിവിന്റെപൂക്കൾ വിരിയുമെന്ന അകാംഷയോടെ കാത്തിരുന്നവർക്ക് അത്ര മധുരിക്കുന്നതായില്ല പ്രഖ്യാപനങ്ങൾ. കോയമ്പത്തൂർ-കൊച്ചി വ്യവസായ ഇടനാഴിക്കുവേണ്ടി പാലക്കാട്, എറണാകുളം ജില്ലയിൽ 2,321 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്ന പ്രഖ്യാപനവും നിലവിലുള്ള പദ്ധതികൾ പൂർത്തിയാക്കുന്നതിനനുവദിച്ച ഫണ്ടുകളും ഇതിനിടെ ആശ്വാസമായി.
കഞ്ചിക്കോട് റൈസ് പാർക്കിന് അനുവദിച്ച 20 കോടി, ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന രണ്ടാഘട്ട അണക്കെട്ട് പുനരുദ്ധാരണപദ്ധതി രണ്ടാംഘട്ടത്തിൽ ചിറ്റൂർപ്പുഴ, കാഞ്ഞിരപ്പുഴ പദ്ധതികൾക്കായി അനുവദിച്ച 25 കോടി, കഞ്ചിക്കോട് കെ.എസ്.ഐ.ഡി.സി. എൻജിനിയറിങ് ഇൻഡസ്ട്രിയൽ പാർക്കിനായി അനുവദിച്ച അഞ്ചുകോടി എന്നിവ ഏറെ ശ്രദ്ധേയമായി. മറ്റ് പ്രധാന ബജറ്റ് നിർദേശങ്ങൾ ചുവടെ;
കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴി.
വാളയാറിൽ അന്തഃസംസ്ഥാന ബസ് ടെർമിനലിന് രണ്ടുകോടി
വ്യവസായമേഖലയ്ക്കായി നൈപുണ്യവികസനകേന്ദ്രത്തിന് ഒരുകോടി
മലമ്പുഴ കുടിവെള്ളപദ്ധതി ദീർഘിപ്പിക്കാൻ 1.2 കോടി
അതിഥിത്തൊഴിലാളികൾക്കായി പട്ടാമ്പിയിൽ നഗരസഭയുടെ സഹകരണത്തോടെ താമസസൗകര്യം
ആലത്തൂരിൽ പൊതു കുളങ്ങൾ നവീകരിക്കുന്നതിന് 50 കോടി
ആലത്തൂർ താലൂക്കാശുപത്രി വികസനത്തിന് 50 കോടി
ആലത്തൂരിലെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും മിനി സ്റ്റേഡിയം
ആലത്തൂരിൽ ലക്ഷംവീടുകൾ ഒറ്റവീടാക്കാൻ 20 കോടി
പട്ടാമ്പിനഗരത്തിൽ സ്വയംനിയന്ത്രിത പാർക്കിങ്ങിന് രണ്ടുകോടി
നല്ലേപ്പിള്ളി വളവുപാലത്ത് ചിറ്റൂർപ്പുഴയ്ക്ക് കുറുകേ റെഗുലേറ്ററിന് 23.20 കോടി
തത്തമംഗലം-പെരുവെമ്പ് ബൈപ്പാസിന് 13 കോടി. *ചിറ്റൂർ കോളേജ് സ്‌പോർട്‌സ് കോംപ്ലക്‌സ് രണ്ടാംഘട്ടത്തിന് 10 കോടി.
ചിറ്റൂർ ബസ്‌സ്റ്റാൻഡ് കോംപ്ലക്‌സിന് നാലുകോടി.
മേലാമുറി മെട്രോനഗർ മാപ്പിളക്കാട് റോഡ് 80 ലക്ഷം
പിരായിരി പൊതുകുളം നവീകരണം 30 ലക്ഷം
ഷൊർണൂരിൽ ഭാതപ്പുഴയോരത്ത് വിവേകാനന്ദപ്രതിമയും നടപ്പാതയും ഉൾപ്പെടുന്ന പാർക്കിന് അഞ്ചുകോടി
ചിറ്റൂർ കോടതി കെട്ടിടസമുച്ചയത്തിന് നാലുകോടി
പുതുക്കോട് സർവജന സ്‌കൂൾ കെട്ടിടനിർമാണത്തിന് 10 കോടി രൂപ
കാവശ്ശേരി-പത്തനാപുരം പുതിയപാലത്തിന് എട്ടുകോടി
ചെർപ്പുളശ്ശേരി നഗരസഭയിൽ കുടിവെള്ളപദ്ധതി 10 കോടി
മുതലമടയിൽ കാർഷികകോളേജിന് 10 കോടി.
പോത്തുണ്ടി, മീങ്കര, ചുള്ളിയാർ അണക്കെട്ടുകളിലെ കനാൽ നവീകരണത്തിന് 25 കോടി
മണ്ണാർക്കാട്, സൈലന്റ് വാലി വനമേഖലയിൽ വന്യമൃഗശല്യം ഒഴിവാക്കാൻ വൈദ്യുതവേലി