നഗരസഭാധികൃതർക്ക് റോഡിന്റെ പട്ടിക കൈമാറി

പാലക്കാട് : നഗരത്തിലെ 32 റോഡുകളിൽ ജലവിതരണ പൈപ്പ് സ്ഥാപിക്കുന്നതിന്റെ മുഴുവൻ പണികളും പൂർത്തിയാക്കിയതായി ജല അതോറിറ്റിയുടെ റിപ്പോർട്ട്. വ്യാഴാഴ്ച നഗരസഭാധികൃതർക്ക് കൈമാറിയ റിപ്പോർട്ടിലാണ് പ്രവൃത്തികൾ പൂർത്തിയായ റോഡുകളുടെ പട്ടിക ജല അതോറിറ്റി കൈമാറിയത്. കഴിഞ്ഞദിവസം തിരുനെല്ലായി പാളയം ജങ്ഷനിൽ തകർന്ന റോഡിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭ ആവശ്യപ്പെട്ടതുപ്രകാരമാണ് നടപടി.

കൽമണ്ഡപം മേഖലയിൽ ഉൾപ്പെട്ട അഞ്ച് റോഡുകളുടെയും മാട്ടുമന്ത മേഖലയിൽ ഉൾപ്പെട്ട 13 റോഡുകളുടെയും മൂത്താന്തറ മേഖലയിൽ ഉൾപ്പെട്ട 14 റോഡുകളുടെയും പണികൾ പൂർത്തിയായെന്നാണ് ജല അതോറിറ്റി അറിയിച്ചിരിക്കുന്നത്. പ്രധാന-അനുബന്ധ റോഡുകൾ ഉൾപ്പെടെയാണിത്. നഗരത്തിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള കുടിവെള്ളപദ്ധതിക്കായാണ് ജല അതോറിറ്റി റോഡുകൾ വെട്ടിപ്പൊളിച്ചത്. പൈപ്പിടലും പരീക്ഷണ പമ്പിങ്ങും പൂർത്തിയായെങ്കിലും പലയിടങ്ങളിലും റോഡ് കുഴിയടച്ച് ടാർ ചെയ്തിട്ടില്ല. ഇത് അപകടങ്ങൾക്കും വഴിവെച്ചിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച തിരുനെല്ലായി പാളയം ജങ്ഷനിലും അപകടം നടന്നിരുന്നു. തകർന്ന പാതയിലെ കുഴിയിൽപ്പെട്ട് തെറിച്ചുവീണ ഇരുചക്രവാഹനക്കാരൻ തലയിലൂടെ ടോറസ് ലോറി കയറി മരിച്ചു. സംഭവത്തെത്തുടർന്ന്, റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. തുടർന്ന് സ്ഥലത്ത് മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിലും റോഡിന്റെ ശോചനീയാവസ്ഥ അപകടത്തിന് കാരണമായിട്ടുണ്ടെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് റോഡുകൾ നന്നാക്കാൻ അടിയന്തരനടപടിയെടുക്കാൻ നഗരസഭ തീരുമാനിച്ചത്. നേരത്തെ ടെൻഡർ പൂർത്തിയാക്കിയ റോഡുകളിൽ വേഗത്തിൽ പണി തുടങ്ങാനാണ് അധികൃതരുടെ തീരുമാനം.

മൊത്തം വെട്ടിപ്പൊളിച്ച 79 റോഡുകളിൽ ഇനിയും പണികൾ പൂർത്തിയാവാത്ത റോഡുണ്ട്.

മലമ്പുഴയിലെ കുടിവെള്ള പ്ലാന്റിന്റെയടക്കം പണികൾ പൂർത്തിയായാലേ ജല അതോറിറ്റിയുടെ പ്രവൃത്തികൾ പൂർത്തീകരിക്കാൻ കഴിയൂ. അതിനാൽ മറ്റുള്ള റോഡുകൾ നന്നാവാൻ ഇനിയും കാത്തിരിക്കേണ്ടിവരും.

പണി പൂർത്തിയായ പ്രധാന റോഡുകൾ

* സ്റ്റേഡിയം ബൈപ്പാസ് റോഡ് * ഫയർ സ്റ്റേഷൻ-കല്ലേക്കാട് റോഡ് *കൽമണ്ഡപം-സ്റ്റേഡിയം റോഡ് * തൊണ്ടികുളം ഗ്രാമം *അവിഞ്ഞിപ്പാടം-മന്തക്കര-കൽപ്പാത്തി *പഴയ കൽപ്പാത്തി * പുതിയ കൽപ്പാത്തി * കൽച്ചട്ടിത്തെരുവ് *മാട്ടുമന്ത-വലിയപാടം റോഡ് *ഗോവിന്ദരാജപുരം, വൈദ്യനാഥപുരം, ചാത്തപുരം * രുക്മണി ആശുപത്രി-തങ്കം ആശുപത്രി റോഡ് *കാപ്പുകുളം, കലിമ നഗർ, ഇസത്ത് നഗർ *പള്ളിപ്പുറം ഗ്രാമം * മേഴ്‌സികോളേജ് -തിരുനെല്ലായി-പാളയം പൊതുമരാമത്ത് റോഡ് * ശിവാജി റോഡ്.