പാലക്കാട് : ജില്ലയിൽ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി 2021 നിയമസഭാ തിരഞ്ഞെടുപ്പ് ജോലിയിലേർപ്പെട്ടിരുന്ന റവന്യൂ ജീവനക്കാർ, പോലീസുദ്യോഗസ്ഥർ, സ്പെഷ്യൽ പോലീസുദ്യോഗസ്ഥർ എന്നിവരും രോഗലക്ഷണമുള്ള എല്ലാ ഉദ്യോഗസ്ഥരും 17-നുമുമ്പ്‌ കോവിഡ് ടെസ്റ്റിന് (ആർ.ടി.പി.സി.ആർ.) വിധേയരാകണമെന്ന് കളക്ടർ മൃൺമയി ജോഷി ശശാങ്ക് അറിയിച്ചു.

ജില്ലാ പോലീസ് മേധാവി, ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസർമാർ, തഹസിൽദാർമാർ എന്നിവർ ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും കളക്ടർ നിർദേശിച്ചു. വിവിധ വകുപ്പുകളിൽനിന്ന്‌ തിരഞ്ഞെടുപ്പുജോലിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ കോവിഡ് പരിശോധനയ്ക്ക് വിധേയരായിട്ടുണ്ടെന്ന് വകുപ്പുമേധാവികളും ഓഫീസ് മേലധികാരികളും ഉറപ്പാക്കണം.

പോളിങ് ഉദ്യോഗസ്ഥർ, ഏജന്റുമാർ എന്നിവർ പരിശോധനയ്ക്ക് വിധേയരാകാൻ ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസർമാരും തഹസിൽദാർമാരും നിർദേശം നൽകുകയും പരിശോധന നടത്തിയതായി ഉറപ്പുവരുത്തുകയും വേണം.

വെബ് കാസ്റ്റിങ്ങിൽ ഏർപ്പെട്ടിരുന്നവർ പരിശോധന നടത്തിയതായി അക്ഷയകേന്ദ്രം ജില്ലാ കോ-ഓർഡിനേറ്റർ ഉറപ്പുവരുത്തണം. ഹരിതകർമ സേനാംഗങ്ങൾ പരിശോധനയ്ക്ക് വിധേയരായതായി നഗരസഭാ/പഞ്ചായത്ത് സെക്രട്ടറിമാർ ഉറപ്പുവരുത്തണമെന്നും കളക്ടർ അറിയിച്ചു.

ജില്ലയിലെ പരിശോധനാ കേന്ദ്രങ്ങൾ

1. പാലക്കാട് ചെറിയ കോട്ടമൈതാനം

2. ആലത്തൂർ താലൂക്കാശുപത്രി

3. കൊല്ലങ്കോട് കുടുംബാരോഗ്യകേന്ദ്രം

4. ഓങ്ങല്ലൂർ കുടുംബാരോഗ്യകേന്ദ്രം

5. ചാലിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രം

6. കഞ്ചിക്കോട് കിൻഫ്ര സി.എഫ്.എൽ.ടി.സി.

7. നന്ദിയോട് സാമൂഹികാരോഗ്യകേന്ദ്രം