കല്ലടിക്കോട് : വിഷുദിനത്തിൽ ദേശീയപാത കരിമ്പ പനയമ്പാടത്തുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ ആലത്തൂർ മേലാർകോട് സ്വദേശി ചാട്ടറപ്പറമ്പിൽ പരേതനായ കുമാരന്റെ മകൻ രതീഷാണ് (36) മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ ധന്യ, മക്കൾ അമർനാഥ്, ആരവ് നാഥ് എന്നിവരെ പരിക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകീട്ട് 4.30-നായിരുന്നു അപകടം. കാഞ്ഞിരപ്പുഴയിലെ ഭാര്യവീട്ടിലേക്ക് കുടുംബസമേതം ബൈക്കിൽ വരുമ്പോൾ മണ്ണാർക്കാട് ഭാഗത്തുനിന്ന്‌ വരികയായിരുന്ന കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് സമീപത്ത് നിർത്തിയിട്ടിരുന്ന ലോറിയുടെ മുൻവശത്ത് ഇടിച്ചു. കാറിലുള്ള ആർക്കും പരിക്കില്ല.

കെട്ടുപണിക്കാരനായ രതീഷ് ഉച്ചയ്ക്കുശേഷമാണ് വീട്ടിൽനിന്ന്‌ പുറപ്പെട്ടത്. മഴ പെയ്താൽ പനയമ്പാടം ഭാഗത്ത് അപകടം നിത്യസംഭവമാകുകയാണ്. വലിയ ഇറക്കവും വളവ് തിരിഞ്ഞുവരുന്ന റോഡും ആയതിനാൽ വാഹനങ്ങൾ നിയന്ത്രിക്കാനാവാത്തതാണ് അപകടങ്ങളുടെ കാരണം.