ആലത്തൂർ : ചെവിയിൽ പ്രാണി കുടുങ്ങിയതിനെത്തുടർന്ന് ആലത്തൂർ താലൂക്കാശുപത്രിയിൽ എത്തിയയാൾക്ക് ചികിത്സ ലഭിച്ചില്ലെന്ന് പരാതി. ആലത്തൂർ പെരുങ്കുളം സുദദ്ര സതീശനാണ് ഡോക്ടർക്കെതിരേ ആശുപത്രി സൂപ്രണ്ടിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയത്. ബുധനാഴ്ചയാണ് പരാതിക്കിടയായ സംഭവം.

ഉച്ചയോടെ ആശുപത്രിയിൽ എത്തുമ്പോൾ ഒ.പി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ വാർഡിൽ പോയിരിക്കുകയായിരുന്നു. കാത്തിരുന്നുവെങ്കിലും ഡോക്ടർ തിരിച്ചെത്തിയശേഷം ഫോണിൽ നോക്കിയിരിക്കുകയായിരുന്നുവെന്നും ആവശ്യപ്പെട്ടിട്ടും പരിശോധിക്കാൻ തയ്യാറായില്ലെന്നും കാണിച്ചാണ് പരാതി നൽകിയത്. ഇതിന്റെപേരിൽ സുഭദ്രയും മകൻ സുദർശനും ഡോക്ടറുമായി തർക്കമുണ്ടാകുകയും മകൻ ഇത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

എന്നാൽ ചികിത്സ നിഷേധിച്ചിട്ടില്ലെന്നും കോവിഡ് നോഡൽ ഓഫീസർ എന്നനിലയിൽ ആരോഗ്യവകുപ്പിന്റെ വെബിനാറിൽ പങ്കെടുക്കുന്ന സമയത്താണ് ഇവർ എത്തിയതെന്നും ഇതാണ് ഫോണിൽ നോക്കിയിരിക്കുകയാണെന്ന് പറഞ്ഞ് വാക്കുതർക്കമുണ്ടാക്കിയതെന്നും ഇ.എൻ.ടി. ഡോക്ടർ പറഞ്ഞു.

ഡ്യൂട്ടിയിലിരിക്കെ ജോലി തടസ്സപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും അനുവാദമില്ലാതെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനും ഡോ. എം.എസ്. ആഷ പോലീസിൽ പരാതി നൽകി. ഡോക്ടർക്കെതിരേ ഉണ്ടായ പെരുമാറ്റത്തിൽ ശക്തമായ നടപടിയുണ്ടാവണമെന്ന്‌ കെ.ജി.എം.ഒ.എ. ആവശ്യപ്പെട്ടു.