നഗരസഭയിലെ ഓരോ വാർഡിലേക്കും അഞ്ച് പൾസ്‌ ഓക്സിമീറ്റർ നൽകും

ഒറ്റപ്പാലം : കോവിഡ് പടർന്നുപിടിക്കുന്ന കാലത്ത് അകലംപാലിച്ച് ഒരുമകൊണ്ട് പ്രതിരോധം തീർക്കുകയാണ് ഒറ്റപ്പാലത്തുകാർ. കോവിഡ് ബാധിതരുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് അറിയുന്നതിനുള്ള പൾസ്‌ ഓക്സിമീറ്ററിന്റെ ക്ഷാമം നേരിട്ടപ്പോൾ ഓരോ വാർഡിലേക്കും അഞ്ച് പൾസ്‌ ഓക്സിമീറ്റർവീതം വാങ്ങി നൽകുകയാണ് ഒറ്റപ്പാലത്തെ വള്ളുവനാട് വാട്‌സാപ്പ് കൂട്ടായ്മ.

ഇതിനായി 12 മണിക്കൂറിനുള്ളിൽ 1.44 ലക്ഷം രൂപയാണ് കൂട്ടായ്മയിലെ അംഗങ്ങൾ സ്വരൂപിച്ചത്. 36 വാർഡുകൾക്കായി 180 പൾസ് ഓക്സിമീറ്റർ വാങ്ങാൻ ഓർഡർ നൽകുകയും ചെയ്തതായി കൂട്ടായ്മയ്‌ക്ക് നേതൃത്വംനൽകുന്ന ടി.പി. പ്രദീപ്കുമാർ പറഞ്ഞു.

വീടുകളിൽ ചികിത്സയിൽക്കഴിയുന്ന രോഗികളുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് അറിയുന്നതിനും മുൻകരുതലെടുക്കുന്നതിനും പൾസ്‌ ഓക്സിമീറ്ററിന്റെ ക്ഷാമം നേരിട്ടിരുന്നു. ഇതിനിടെയാണ് പെരുന്നാൾദിനത്തിൽ രാവിലെ കോവിഡ് നോഡൽ ഓഫീസറായ ഡോ. പി.ജി. മനോജിന്റെ വാട്‌സാപ്പ് പോസ്റ്റിലൂടെയാണ് ആശയം രൂപപ്പെട്ടത്.

ഷൊർണൂർ മുൻ ഡിവൈ.എസ്.പി. എൻ. മുരളീധരൻ ആറ് പൾസ് ഓക്സിമീറ്റർ വാങ്ങുന്നതിനുള്ള പണം കൈമാറിയായിരുന്നു തുടക്കം.

പിന്നീട് കൂട്ടായ്മയിലുള്ള വ്യാപാരികളും വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും പ്രവർത്തകരും നഗരസഭാ കൗൺസിലർമാരും അധ്യാപകരും അഭിഭാഷകരും ആരോഗ്യപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും പോലീസുകാരും നാട്ടുകാരുമുൾപ്പെടെ 78 പേർ ചേർന്നാണ് 12 മണിക്കൂറിനിടെ ഇത്രയുംപണം സ്വരൂപിച്ച് സംവിധാനമൊരുക്കാൻ തയ്യാറായത്.

പൾസ്‌ ഓക്സിമീറ്ററുകളെല്ലാം അതത് വാർഡുകളിലെ ആശാവർക്കർമാർക്ക് കൈമാറും. വിതരണോദ്ഘാടനം ഉടൻ നിയുക്ത എം.എൽ.എ. കെ. പ്രേംകുമാർ നിർവഹിക്കുമെന്നും കൂട്ടായ്മാ ഭാരവാഹികൾ അറിയിച്ചു.