മുതലമട : മകരക്കുളിരിന്റെ അലകളെത്തുംമുമ്പേ കേരളത്തിന്റെ മാങ്കോ സിറ്റിയെന്നറിയപ്പെടുന്ന മുതലമടയിൽ തിരക്ക് തുടങ്ങേണ്ടതാണ്. മാങ്ങാച്ചുനയുടെ മണം പടർത്തി സംഭരണശാലകളിൽ പച്ചമാങ്ങയും മൂപ്പെത്തിയ മാങ്ങയുമെല്ലാം നിറയേണ്ട കാലം. പക്ഷേ, ഇത്തവണ മുതലമടയിൽ മാത്രമല്ല, വീട്ടുപറമ്പുകളിലെ മാവുകളിലും പൂക്കൾ കുറവാണ്. വിരിഞ്ഞപൂക്കളിൽ പിടിക്കുന്ന കണ്ണിമാങ്ങയുടെ എണ്ണവും കുറവാണ്‌.

സംഭരണശാലകളുണർന്നില്ല

ജനുവരി ആദ്യവാരം മുതലമടയിൽ മാങ്ങ സീസൺ ആരംഭിച്ച് സംഭരണശാലകൾ സജീവമാകേണ്ടതാണ്. എന്നാൽ കാലംതെറ്റി മഴ തുടർച്ചയായി പെയ്തതിനാൽ മൂന്നുമാസം വൈകിയാണ് മാവ് പൂത്തത്. അതുകൊണ്ടുതന്നെ മാങ്ങ സീസൺ തുടങ്ങാൻ ഇത്തവണ ഫെബ്രുവരിവരെ കാത്തിരിക്കണം.

ചെറുതും വലുതുമായ 100-ലധികം മാങ്ങ സംഭരണശാലകൾ നിലവിൽ അടഞ്ഞുകിടക്കുകയാണ്. കൃഷ്ണഗിരി, കമ്പം-തേനി, ചിറ്റൂർ (ആന്ധ്ര) എന്നിവിടങ്ങളിലെ മാങ്ങ ഉത്പാദക കേന്ദ്രങ്ങളിലും മഴമൂലം സീസൺ വൈകുമെന്നതാണ് കേരളത്തിലെ കർഷകരുടെ ചെറിയ ആശ്വാസം.

സീസണിൽ ആദ്യം പാകമാകുന്ന മാമ്പഴം എന്നനിലയിൽ വിദേശത്തും രാജ്യത്തെ മെട്രോ നഗരങ്ങളിലെ വിപണികളിലും മുതലമടയോട് മത്സരിക്കാൻ മറ്റു സ്ഥലങ്ങളിലെ മാങ്ങ എത്താറില്ല. ഇതിനാൽത്തന്നെ മുതലമട മാങ്ങയ്ക്ക് ഉയർന്ന വില ലഭിക്കാറുണ്ട്. 6.5 കിലോഗ്രാമോളം വരുന്ന ഒരുപെട്ടി അൽഫോൺസ മാങ്ങയ്ക്ക് 4,500 രൂപവരെ ലഭിച്ച സീസണുകളുണ്ട്.

കണ്ണിമാങ്ങയിൽ കുറവ്

പൂത്ത മാവുകളിൽ സാധാരണപോലെ കണ്ണിമാങ്ങകളുണ്ടാകാത്തത് കർഷകരെ ആശങ്കയിലാക്കി. ബങ്കനപ്പള്ളി മാവ് ഇനത്തിലാണ് മാങ്ങ ഒട്ടും പിടിക്കാത്തതെന്ന് വലിയ ചള്ളയിലെ മാവ് കർഷകൻ വി.പി. ജാഫർ പറഞ്ഞു.

മണ്ണിൽ പൊട്ടാഷിന്റെയും ബോ ബോറോണിന്റെയും കുറവുമൂലം മാങ്ങകളുണ്ടാകാതിരിക്കാമെന്ന് പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രത്തിലെ അസി. പ്രൊഫ. കെ.വി. സുമിയ പറഞ്ഞു. എന്നാൽ പതിവായ കീടനാശിനി, ഹോർമോൺ പ്രയോഗംമൂലം പരാഗണം നടത്താൻ പ്രാണികൾക്ക്‌ കഴിയുന്നില്ലെന്ന വാദവുമുണ്ട്.

,000 ഏക്കറിലേറെ

മാവ് കൃഷി

മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി ഗ്രാമപ്പഞ്ചായത്തുകളിലെ തെന്മലയോരത്തും പട്ടഞ്ചേരി ഗ്രാമപ്പഞ്ചായത്തിലുമായി 15,000 ഏക്കറിൽ മാവ് കൃഷി ഉണ്ടെന്ന് മാവ് കർഷകക്കൂട്ടായ്മ ഭാരവാഹി എൻ. പക്കീർ മുഹമ്മദ് പറയുന്നു. 2000-ത്തോളം കർഷകർ, 500-ഓളം പാട്ടക്കർഷകർ, 5000-ത്തോളം തൊഴിലാളികൾ എന്നിവരുൾപ്പെട്ട സമൂഹമാണ് മാവ് കൃഷിയെ ആശ്രയിക്കുന്നത്. നാലുവർഷം മുമ്പുവരെ സീസണിൽ 600 കോടിരൂപയുടെ വിറ്റുവരവ് മുതലമട മാങ്ങ വിപണിയിലുണ്ടായിരുന്നു.

മാമ്പൂ കണ്ട് മദിക്കരുത്

പൂവിടാൻ വൈകിയതുകൊണ്ട് കരാർ എടുക്കുന്നതിനും കഴിഞ്ഞിട്ടില്ല. തമിഴ്‌നാട്ടിൽനിന്നുള്ള മാങ്ങ വിപണിയിൽ എത്തുന്നതുകൊണ്ട് നാട്ടിലെ മാങ്ങയ്ക്ക് വിലയിടിയും. കിലോഗ്രാമിന്‌ 60-70 രൂപയ്ക്കാണ് തമിഴ്‌നാട്ടിൽനിന്നുള്ള മാങ്ങ വിൽപ്പന നടത്തുന്നത്.

-പി. സുഭാഷ്, മാങ്ങ കച്ചവടക്കാരൻ, പാഴിയോട്, ചിറ്റില്ലഞ്ചേരി.