പാലക്കാട് : പശുക്കൾക്ക് പോഷകഗുണമേറിയ തീറ്റ ഉറപ്പാക്കാനും ക്ഷീരകർഷകരുടെ ചെലവ് കുറയ്ക്കാനുമായി ക്ഷീരസംഘങ്ങൾ മുഖേന പാരമ്പര്യേതര കാലിത്തീറ്റ നിർമാണ യൂണിറ്റുകൾ ആരംഭിക്കുന്നു. നാട്ടിൻപുറങ്ങളിൽനിന്നടക്കം ലഭിക്കുന്ന ഭക്ഷ്യവിഭവങ്ങളുപയോഗിച്ച് കാലികൾക്ക് തീറ്റയുണ്ടാക്കുന്ന പദ്ധതിയാണിത്. വാണിജ്യാടിസ്ഥാനത്തിലുള്ള കാലിത്തീറ്റയെ ആശ്രയിക്കുന്ന കർഷകരുടെ ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം.

ചക്ക, മരച്ചീനി, മധുരക്കിഴങ്ങ്, പൈനാപ്പിൾ, ചോളം, ഗോതമ്പ്, തേങ്ങ, തവിട്, മാങ്ങ പോലുള്ളവയിൽനിന്നും അവയുടെ അവശിഷ്ടങ്ങളിൽനിന്നും മറ്റുമാണ് ശാസ്ത്രീയമായ രീതിയിൽ കാലിത്തീറ്റയുണ്ടാക്കുക. പശുക്കൾ ഭക്ഷിക്കാറുള്ള പീലിവാക, ശീമക്കൊന്ന പോലുള്ള ഇലകളും കാലിത്തീറ്റയ്ക്കായി ഉപയോഗിക്കും. പ്രാദേശികാടിസ്ഥാനത്തിൽ ലഭ്യതക്കൂടുതലുള്ള വിഭവങ്ങൾ ഉപയോഗിച്ചാവും നിർമാണം. വെറ്ററിനറി സർവകലാശാലയിലെ ഉൾപ്പെടെ കാലിത്തീറ്റ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്‌ധരുടെ സഹായവും ഉപയോഗപ്പെടുത്തും.

തിരഞ്ഞെടുക്കപ്പെട്ട ക്ഷീരസംഘങ്ങൾ മുഖേന നടപ്പാക്കുന്ന പദ്ധതിക്ക് ഏകദേശം അഞ്ച് ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. 3.75 ലക്ഷം രൂപ ക്ഷീരവികസന വകുപ്പ് സബ്സിഡി നൽകും. കാലിത്തീറ്റ നിർമാണത്തിന് ഉപയോഗിക്കുന്ന പൾവെരിസർ യന്ത്രം, മിക്സർ യന്ത്രം, കാലിത്തീറ്റ സൂക്ഷിക്കാനാവശ്യമായ ഷെഡ്ഡ് എന്നിവ പദ്ധതിയുടെ ഭാഗമായി ക്ഷീരസംഘങ്ങൾക്ക് നൽകും.

സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട്, എറണാകുളം, വയനാട് ജില്ലകളിലെ ഓരോ സംഘങ്ങളിൽ പദ്ധതി നടപ്പാക്കും. സംഘങ്ങളുടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.