പാലക്കാട് : “വീടില്ലാത്തവർകളിൻ പൊങ്കലോ പൊങ്കൽ, നിലമില്ലാത്തവർകളിൻ പൊങ്കലോ പൊങ്കൽ, അടിമയാക്കപ്പെട്ടവർകളിൻ പൊങ്കലോ പൊങ്കൽ, കേരള അരസാങ്കത്താൽ വഞ്ചിക്കപ്പെട്ടവർകളിൻ പൊങ്കലോ പൊങ്കൽ...” ഭൂമിക്കും വീടിനുമായി കളക്ടറേറ്റിന് മുന്നിൽ മുതലമട അംബേദ്കർകോളനി നിവാസികൾ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന്റെ രണ്ടാംദിനത്തിൽ മുഴങ്ങിക്കേട്ട വാക്കുകളാണിവ. കത്തിച്ച അടുപ്പിനുമുകളിൽ പാത്രം കമഴ്ത്തിവെച്ച് കോളനിക്കാർ പ്രതിഷേധം എരിയിച്ചു.

വീട് വൃത്തിയാക്കിയും അലങ്കരിച്ചുമാണ് പൊങ്കൽ ആഘോഷിക്കുക. വീടില്ലാത്ത ഞങ്ങളെന്ത് ചെയ്യുമെന്ന് സമരപ്പന്തലിലിരുന്നവർ ചോദിച്ചു. ഭൂമിയും വീടും നൽകണമെന്നാവശ്യപ്പെട്ട് മുതലമട അംബേദ്കർ കോളനിയിലെ ജനങ്ങൾ വ്യാഴാഴ്ചമുതലാണ് കളക്ടറേറ്റ് പടിക്കൽ നിരാഹാരസമരം തുടങ്ങിയത്.

അംബേദ്കർ ദളിത് സംരക്ഷണസംഘത്തിന്റെ നേതൃത്വത്തിൽ 95 ദിവസമായി മുതലമട പഞ്ചായത്തോഫീസിന് മുന്നിൽ നടത്തിവന്നിരുന്ന സമരം കളക്ടറുമായുള്ള ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് കളക്ടറേറ്റിന് മുന്നിലേക്ക് മാറ്റുകയായിരുന്നു. കോളനിയിൽ നടത്തിയ ലൈഫ് മിഷൻ സർവേയുടെ പട്ടിക നൽകണമെന്ന ആവശ്യം അധികൃതർ അംഗീകരിച്ചിട്ടില്ല.

ആവശ്യങ്ങൾ അംഗീകരിക്കുംവരെ ആഘോഷങ്ങളില്ലെന്നും സമരം ശക്തമായി തുടരുമെന്നും സമരസമിതി രക്ഷാധികാരി മാരിയപ്പൻ നീലിപ്പാറ പറഞ്ഞു.