ചെർപ്പുളശ്ശേരി : അന്തരിച്ച കഥകളി ആചാര്യനും ഇരിങ്ങാലക്കുട ഉണ്ണായിവാരിയർസ്മാരക കലാനിലയം റിട്ട. പ്രിൻസിപ്പലുമായ കലാമണ്ഡലം കുട്ടനാശാന് ഔദ്യാഗിക ബഹുമതികളോടെ വിടനൽകി. വെള്ളിനേഴി തിരുനാരായണപുരം ലീലാനിവാസിലെ വീട്ടുവളപ്പിൽ വെള്ളിയാഴ്ച വൈകീട്ടാണ് സംസ്കാരച്ചടങ്ങുകൾ തുടങ്ങിയത്. ചിതയ്ക്ക് കുട്ടനാശാന്റെ പേരമകൻ ആനന്ദ് തീ പകർന്നു.

കെ. പ്രേംകുമാർ എം.എൽ.എ. ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ശിഷ്യ-പ്രശിഷ്യർ അടങ്ങുന്നവരും പൗരാവലിയും സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ, സാംസ്കാരികവകുപ്പ് മന്ത്രി, കളക്ടർ എന്നിവർക്കുവേണ്ടിയും അന്തിമോപചാരം അർപ്പിച്ചു.

കലാമണ്ഡലം, ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയം, പേരൂർ സദനം അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളും വെള്ളിനേഴി പഞ്ചായത്തും കലാഗ്രാമത്തിലെ വിവിധ സ്ഥാപനങ്ങൾക്കുവേണ്ടിയും വ്യക്തികളും പുഷ്പചക്രങ്ങൾ അർപ്പിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി., സദനം കൃഷ്ണൻകുട്ടി, കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, കലാനിലയം ഗോപാലകൃഷ്ണൻ, കലാനിലയം സി. ഗോപാലകൃഷ്ണൻ തുടങ്ങി നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.