കോയമ്പത്തൂർ : ശാന്തിയും സമൃദ്ധിയും നിറഞ്ഞ മറ്റൊരു തൈപ്പൊങ്കൽദിനം കൂടി. നഗരത്തിലും ഗ്രാമത്തിലും സൂര്യോദയസമയത്ത് ശർക്കരപൊങ്കൽവെച്ച് സൂര്യഭഗവാന് നിവേദിച്ചാണ് ആഘോഷം തുടങ്ങിയത്. കോവിഡ് വ്യാപനംമൂലം വിദ്യാഭ്യാസസ്ഥാപനങ്ങളടക്കം പ്രവർത്തിക്കാത്തത് നഗരത്തിലെ തിരക്കുകുറയാൻ ഇടയാക്കി. ഇലക്‌ട്രോണിക്സ് വിൽപനശാലകളിൽ മുൻവർഷങ്ങളിൽ ഉണ്ടായിരുന്ന തിരക്ക് പഴങ്കഥയായി. തിരക്കുകുറഞ്ഞ കടകളിൽ ജീവനക്കാർ അതിഥികളെ കാത്തിരിക്കുന്ന കാഴ്ചയാണ് പൊങ്കൽ ദിനത്തിൽ കണ്ടത്.

ക്ഷേത്രങ്ങളിൽ പ്രത്യേകപൂജ നടത്തി പൊങ്കൽവെച്ചു. ഭക്തർക്ക് പ്രവേശനമുണ്ടായിരുന്നില്ല. നാടും നഗരവും പൊങ്കൽ ആഘോഷിക്കുമ്പോൾ റോഡരികിലും ട്രാഫിക് ഡ്യൂട്ടിയിലുമുണ്ടായിരുന്ന പോലീസുകാർക്കും ഇത്തവണ പൊങ്കൽ ആഘോഷിക്കാനായി.

കോയമ്പത്തൂർ സിറ്റി പോലീസ് കമ്മിഷണർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ നഗരമധ്യത്തിലെ പോലീസ് റിക്രൂട്ട്മെന്റ് സ്കൂളിൽ പൊങ്കൽ ആഘോഷം സംഘടിപ്പിച്ചു.

കൊഡിഷ്യ ട്രേഡ് സെന്റർ കോവിഡ് പ്രത്യേക വാർഡിലുള്ളവർ പൊങ്കലൊരുക്കിയും കുമ്മിപ്പാട്ടുപാടിയും കരിമ്പ് കഴിച്ചും പൊങ്കലിന്റെ ആഹ്ലാദം പങ്കിട്ടു.

നാടുമുഴുവൻ പൊങ്കൽ ആഘോഷച്ചടങ്ങിൽ മുഴുകിയിരിക്കുമ്പോൾ കോർപറേഷൻ ശുചീകരണ ജീവനക്കാർ മുഴുവൻനേരവും പ്രവർത്തനനിരതരായിരുന്നു. കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ട നേരത്തിനിടയിലാണ് പൊങ്കൽത്തലേന്നുള്ള ബോഗി ആഘോഷങ്ങൾക്ക്‌ കത്തിച്ച അവശിഷ്ടവും മറ്റും മുഴുവനായി നീക്കിയശേഷമാണ്‌ ഉച്ചയോടെ അവരും പൊങ്കൽ ആഘോഷിക്കാനായി പുറപ്പെട്ടത്‌.

ശനിയാഴ്ച തിരുവള്ളുവർദിനവും ഞായറാഴ്ച സമ്പൂർണ ലോക്ഡൗണും കാരണം അടുപ്പിച്ച് രണ്ടുദിവസമാണ് മത്സ്യ-മാംസ കടകൾക്ക് അനുമതിയില്ലാതായി. തുടർന്നുള്ള തൈപ്പൂയവും വള്ളലാർദിനവും ചേർന്ന ചൊവ്വാഴ്ചയും മത്സ്യ-മാംസ കടകൾ അടച്ചിടണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. 'തൈ പിറന്നാൽ വഴിപിറക്കും' എന്ന് പ്രതീക്ഷയോടെ കാത്തിരിക്കയാണ് ഗ്രാമവും നഗരവും.