പാലക്കാട് : പുലിയുണ്ടാക്കിയ പൊല്ലാപ്പുകളൊന്നും ഇപ്പോഴും അകത്തേത്തറ ഉമ്മനിയെന്ന ഗ്രാമത്തെ വിട്ടൊഴിഞ്ഞിട്ടില്ല. ആളൊഴിഞ്ഞ വീട്ടിൽനിന്ന് കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളിലൊന്നിനെ തൃശ്ശൂർ അകമലവാരത്തേക്ക് മാറ്റിയെങ്കിലും ഇപ്പോഴും പുലിപ്പേടിയിൽ തന്നെയാണ് നാട്. ഒരുകുഞ്ഞുമായി വീടിന്റെ പിറകുവശത്തേക്ക് ഓടിമറഞ്ഞ അമ്മപ്പുലി എവിടെയാണെന്ന് ഇപ്പോഴും ആർക്കുമറിയില്ല.

അമ്മപ്പുലിയെ പിടികൂടാൻ വനംവകുപ്പ് തയ്യാറാക്കിയ കെണികളെല്ലാം പാളിപ്പോയതോടെ പുലി വീണ്ടും ജനവാസമേഖലയിലെത്തുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക.

പുലി രക്ഷപ്പെട്ടെന്ന് കരുതുന്ന വീടിന്റെ പിറകുവശത്ത് ഒരേക്കറിലധികം സ്ഥലത്ത് റബ്ബർ എസ്റ്റേറ്റാണ്. എസ്റ്റേറ്റിനോട് ചേർന്ന് കരിങ്കൽ ക്വാറിയുമുണ്ട്. നിറയെ പാറമടകളുള്ളതിനാൽ നിലവിൽ ഇവിടേക്ക് പുലി പോയിക്കാണുമെന്നാണ് നാട്ടുകാർ കരുതുന്നത്. ക്വാറിക്ക് സമീപം ആൾസഞ്ചാരം ഇല്ലെങ്കിലും ഇവിടെനിന്ന് ജനവാസമേഖലയിലേക്ക് അരക്കിലോമീറ്റർ പോലുമില്ലെന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് വാർഡ് അംഗം രേഖാശിവദാസ് പറഞ്ഞു.

നിലവിൽ പുലിയെ കണ്ടെത്തിയ ആളൊഴിഞ്ഞ വീടിനടുത്തുള്ള കാട് വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ വെട്ടിത്തെളിക്കുന്നുണ്ട്. ഇത് പകുതിയിലധികം പൂർത്തിയായി. വീടിന് സമീപം വീണ്ടും പുലിയെത്തുന്നത് തടയലാണ് ലക്ഷ്യമെങ്കിലും ഇതുപോരെന്നും പുലിയെ പിടികൂടി ആശങ്ക അകറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പുലിയെ കണ്ടെത്തിയ ആൾത്താമസമില്ലാത്ത വീട് വെള്ളിയാഴ്ച വൈകീട്ട് എ. പ്രഭാകരൻ എം.എൽ.എ. സന്ദർശിച്ചു.

പ്രശ്നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എം.എൽ.എ. നാട്ടുകാർക്ക് ഉറപ്പുനൽകി.

വീണ്ടും പുലിഎത്തിയതായി നാട്ടുകാർ

പാലക്കാട് : അകത്തേത്തറ ഉമ്മിനിയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. വെള്ളിയാഴ്ച വൈകീട്ട് 5.30-ന് ഉമ്മിനി സൂര്യനഗർ സെക്കൻഡ് ലൈനിൽ ഇൻഡോർ ഷട്ടിൽകോട്ടിനുസമീപത്താണ് പ്രദേശവാസിയായ ഗോപി പുലിയെ കണ്ടതായി നാട്ടുകാരെ വിവരമറിയിച്ചത്.

നായകൾ കുരയ്ക്കുന്നതുകണ്ട് നോക്കിയപ്പോഴാണ് പുലിയെ കണ്ടതെന്നും പിന്നീട് പുലി കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞതായും ഗോപി പറഞ്ഞു. വിവരമറിഞ്ഞ അകത്തേത്തറ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ അബ്ദുൾ അസീസിന്റെ നേതൃത്വത്തിലെത്തിയ ആറംഗസംഘം പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.