ആയുർവേദ സ്ഥാപനത്തിന്റെ മറവിൽ എക്സ്‌ചേഞ്ച് പ്രവർത്തിച്ചതായാണ് പോലീസ് സംശയിക്കുന്നത്

പാലക്കാട് : രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പാലക്കാട്ടും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തി. പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ (എം.എ.) ടവറിലെ വാടകമുറിയിലാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയത്. സംസ്ഥാന ഇൻറലിജൻസ് ബ്യൂറോയും പാലക്കാട് നോർത്ത് പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. അന്വേഷണസംഘം മുറിയുടെ പൂട്ടുതകർത്താണ് അകത്തുകയറിയത്. ഇവിടെനിന്ന് എട്ട് സിം കാർഡുകളും 32 ഉപയോഗിച്ച സിം ബോക്സുകളും കണ്ടെത്തി.

സമാനമായ കേസിൽ കോഴിക്കോട്ട്‌ പിടിയിലായ ആളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട്‌ മേട്ടുപ്പാളയം സ്‌ട്രീറ്റിലും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ഉണ്ടെന്ന വിവരം കിട്ടിയതെന്നാണ് സൂചന. ഈ ടവറിൽ ഒരു ആയുർവേദ സ്ഥാപനം പ്രവർത്തിച്ചുവരുന്നതായി പോലീസ് പറഞ്ഞു.

ഇതിന്റെ മറവിൽ എക്സ്‌ചേഞ്ച് പ്രവർത്തിച്ചതായാണ് പോലീസ് സംശയിക്കുന്നത്. നേരത്തെ പിടിയിലായ കോഴിക്കോട് സ്വദേശിയാണ് മുറി വാടകയ്ക്കെടുത്ത് നൽകിയതെന്നും സൂചനയുണ്ട്. ഇതേത്തുടർന്ന് ആയുർവേദ സ്ഥാപനം നടത്തിവരുന്ന കുളവൻമുക്ക് സ്വദേശിയെയും ചോദ്യംചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച വൈകീട്ടോടെയാണ് പരിശോധന നടത്തിയത്. മുമ്പ് തൃശ്ശൂർ, എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിലും സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് കണ്ടെത്തിയിരുന്നു.