മുതലമട : യുവാക്കളെ കാണാതായ സംഭവത്തിൽ പോലീസ് നായ റോക്കിയെ വീണ്ടും ചപ്പക്കാട്ടിലെത്തിച്ച് പരിശോധന നടത്തി. ഈമാസം മൂന്നിനും റോക്കിയെ എത്തിച്ച് പരിശോധന നടത്തിയിരുന്നു. ചൊവ്വാഴ്ചയിലെ തിരച്ചിലിലും തുമ്പൊന്നും ലഭിച്ചില്ല. അന്വേഷണപുരോഗതി വിലയിരുത്താൻ ജില്ലാ പോലീസ് മേധാവി ആർ. ശിവവിക്രം കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലെത്തി.

ചപ്പക്കാട് കോളനിയിലെ സാമുവൽ (സ്റ്റീഫൻ -28), മുരുകേശൻ (26) എന്നിവരെ ഓഗസ്റ്റ് 30-ന് രാത്രി 10 മുതലാണ് കാണാതായത്. സമീപത്തെ തോട്ടങ്ങളിലെ കിണറുകൾ, കൊക്കർണികൾ എന്നിവയിലും ചുള്ളിയാർഡാമിലും അഗ്നിശമനസേന തിരച്ചിൽ നടത്തിയിരുന്നു.

സ്വകാര്യതോട്ടത്തിലെ ജീവനക്കാരനായ സ്റ്റീഫൻ സുഹൃത്ത് മുരുകേശനൊപ്പം വീട്ടിൽനിന്നും ഇറങ്ങി അരമണിക്കൂറിനകം മൊബൈൽഫോൺ ഓഫായതിനാൽ ഫോണും ടവറും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പരിമിതിവന്നു. മുരുകേശന്റെ ഭാര്യവീടായ തമിഴ്നാട് ആളിയാർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.