വടക്കഞ്ചേരി : വടക്കഞ്ചേരി-വാളയാർ നാലുവരിപ്പാതയിൽ അഞ്ചുമൂർത്തിമംഗലത്തെ സർവീസ് റോഡ് വീണ്ടും തകർന്നു. ഇതുവഴിയുള്ള യാത്രയും ദുരിതമായി.

ഒരുമാസംമുമ്പ് വാഹനങ്ങൾക്ക് ഇറങ്ങിക്കയറാൻ കഴിയാത്തവിധം ആഴത്തിൽ കുഴി രൂപപ്പെടുകയും യാത്രക്കാരുടെ പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ ദേശീയപാതാ അതോറിറ്റി കുഴി അടച്ചിരുന്നു.

പഴയറോഡ് പൊളിച്ചതിന്റെ അവശിഷ്ടമുപയോഗിച്ച് താത്കാലികമായാണ് കുഴിയടച്ചത്. രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും അടച്ചഭാഗങ്ങൾ വീണ്ടും തകർന്നുതുടങ്ങി. സർവീസ് റോഡിൽനിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഇപ്പോൾ വാഹനങ്ങൾക്ക് ഇറങ്ങിക്കയറാൻ കഴിയാത്തവിധം വീണ്ടും കുഴിയായി.

മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയിൽ മംഗലംപാലത്ത് പുതിയപാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ സംസ്ഥാനപാതയിലൂടെ വരുന്ന വാഹനങ്ങൾ സർവീസ് റോഡ് വഴിയാണ് പോകുന്നത്. അമിതഭാരം കയറ്റിയുള്ള ടോറസുകളുടെ ഓട്ടവും റോഡ് അതിവേഗം തകരാൻ കാരണമായെന്നും നാട്ടുകാർ പറഞ്ഞു.

ദേശീയ പാതയിലും ചതിക്കുഴി

:ദേശീയപാതയിൽ കിഴക്കേത്തറയ്ക്കുസമീപം കുഴി രൂപപ്പെട്ടത് അപകടഭീഷണിയാകുന്നു. വേഗം വരുന്ന വാഹനങ്ങൾ കുഴിയിൽച്ചാടി നിയന്ത്രണംതെറ്റുന്ന സ്ഥിതിയാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും കുഴിയിലകപ്പെടുന്നത്.