യാത്രയ്ക്കായി നീണ്ട നേരം കാത്തിരുന്ന് ഭക്തർ

ഒരു പെട്ടിയിൽ രണ്ടു പേർക്കുമാത്രം അനുമതി

പഴനി : പഴനിമല ക്ഷേത്രത്തിലെ റോപ്പ് കാർ അറ്റകുറ്റപ്പണികൾക്കുശേഷം വീണ്ടും പ്രവർത്തിക്കാൻ തുടങ്ങി. പഴനിമല ക്ഷേത്രത്തിൽ കാലത്ത് ഏഴുമണിമുതൽ രാത്രി ഏഴുമണിവരെയാണ് റോപ്പ് കാർ പ്രവർത്തിക്കുന്നത്.

തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം തുടങ്ങീ നാല് ദിവസങ്ങളിലാണ് ഭക്തർക്ക് ദർശനത്തിന് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. റോപ്പ് കാർ പെട്ടിയിൽ രണ്ടു പേർക്ക് മാത്രമാണ് യാത്ര ചെയ്യുന്നതിന് അനുമതിയുളളത്. റോപ്പ് കാർ സ്റ്റേഷനിൽ ഭക്തരുടെ തിരക്ക് അനുഭവപ്പെടുന്നതിനാൽ മല മുകളിലേക്ക് പോകുന്നതിന് ഭക്തർ നീണ്ട നേരം കാത്തിരിക്കേണ്ടി വന്നു. കഴിഞ്ഞ ജൂലായ്‌ 17-നാണ് അറ്റകുറ്റപ്പണികൾക്കായി പ്രവർത്തനം നിർത്തിയത്. അറ്റകുറ്റപ്പണികളുടെ ഭാഗമായി റോപ്പ് കാറിന്റെ വീലുകൾ, റോപ്പ്, ഷാഫ്റ്റ് തുടങ്ങിയ ഭാഗങ്ങൾ മാറ്റി. പരിശോധനാ ഓട്ടവും വിദഗ്ധരുടെ പരിശോധനയും നടന്നു. പിന്നീട് റോപ്പ് കാറിന് വിശേഷപൂജകളും ദീപാരാധനയും നടത്തിയതിനുശേഷം ഭക്തരുടെ യാത്രക്കായി റോപ്പ് കാറിന്റെ പ്രവർത്തനം വീണ്ടും തുടങ്ങി. പഴനി ദേവസ്വം ബോർഡ് എൻജിനിയർമാരായ നാച്ചിമുത്തു, ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.