പാലക്കാട് : അന്തരീക്ഷ മലിനീകരണ സാധ്യത കൂടുതലുള്ള വ്യവസായങ്ങളുള്ള കഞ്ചിക്കോട് മേഖലയിൽ വായുമലിനീകരണത്തോത് അളക്കാനും പ്രത്യേകകേന്ദ്രമൊരുങ്ങി.

കഞ്ചിക്കോട് ഐ.ഐ.ടി.യുടെ നേതൃത്വത്തിലാണ് നിള കാമ്പസ്സിൽ തയ്യാറാക്കിയ കാലാവസ്ഥാനിരീക്ഷണ സംവിധാനത്തിനൊപ്പം മേഖലയിലെ വായുമലിനീകരണത്തെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്ന കേന്ദ്രം ഒരുക്കിയത്.

അന്തരീക്ഷ സ്ഥിതിവിവരങ്ങൾ ദിവസംമുഴുവൻ നിരീക്ഷിച്ച് അപഗ്രഥനം ചെയ്യാൻ ശേഷിയുള്ള സംവിധാനം (റിയൽ ടൈം എയർ ക്വാളിറ്റി ആൻഡ് വെതർ മോണിട്ടറിങ് സിസ്റ്റം) വ്യാഴാഴ്ച 11-ന് നടക്കുന്ന ചടങ്ങിൽ കളക്ടർ മൃൺമയി ജോഷി ഉദ്ഘാടനം ചെയ്യും.

ഐ.ഐ.ടി.യിലെ എൻവയൺമെന്റൽ സയൻസസ് ആൻഡ്‌ സസ്റ്റെയ്നബിൾ എൻജിനിയറിങ് സെന്റർ (എസെൻസ്) മുൻകൈയെടുത്ത് 1.1 കോടി ചെലവഴിച്ചാണ് നിരീക്ഷണകേന്ദ്രം ഒരുക്കുന്നത്.

വായുമലിനീകരണത്തോത് അപഗ്രഥനംചെയ്ത് ലഭിക്കുന്ന വിവരങ്ങൾ സർക്കാരിനും സംരംഭകർക്കും കൈമാറും. ഇത്തരത്തിലുള്ള മേഖലയിലെ ആദ്യ നിരീക്ഷണകേന്ദ്രമാണിതെന്നും അധികൃതർ വ്യക്തമാക്കി.

ഓസോൺ, കാർബൺഡൈ ഓക്സൈഡ്, ഓക്സൈ‍ഡ് ഓഫ് നൈട്രജൻ, അമോണിയ, സൾഫർ ഡയോക്സൈഡ്, ആംബിയന്റ് ബിടെക്സ്, സെറിനസ് ഗ്യാസ് കാലിബ്രേറ്റർ തുടങ്ങിയവ നിരീക്ഷിക്കുന്നതിനുള്ള ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിൽ അന്തരീക്ഷത്തിലെ ഈർപ്പം, കാറ്റിന്റെ വേഗവും

ഗതിയും അന്തരീക്ഷ ഊഷ്മാവ്, സാന്ദ്രത, മർദ്ദം, മഴ, ആഗോള റേഡിയേഷൻ, ബാഷ്പീകരണം തുടങ്ങിയവയടക്കമുള്ള സമ്പൂർണ വിവരങ്ങളും ലഭ്യമാവും.

കണക്കുകൾ നീരീക്ഷിച്ച് സ്ഥാപനങ്ങൾക്ക് വായുമലിനീകരണം തടയുന്നതിനാവശ്യമായ സാങ്കേതികപിന്തുണ നൽകുമെന്നും ഐ.ഐ.ടി. അധികൃതർ പറഞ്ഞു.

ഐ.ഐ.ടി. ഡയറക്ടർ പ്രൊഫ. പി.ബി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രൊഫസർമാരായ പ്രവീണ ഗംഗാധരൻ, സ്വരൂപ് സാഹു, ഷർമിഷ്ഠ സിങ്, എസ്.എം. ശിവനാഗേന്ദ്ര, അഞ്ജു എലിസബത്ത് പീറ്റർ എന്നിവരാണ് നിരീക്ഷണകേന്ദ്രം ഒരുക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത്. കഞ്ചിക്കോട് ഐ.ഐ.ടി. കാമ്പസ്സിലെ കാലാവസ്ഥാകേന്ദ്രത്തിലെ വായുമലിനീകരണ നിരീക്ഷണ ഉപകരണങ്ങൾ