മലമ്പുഴ : പ്രളയത്തിൽ തകർന്ന് ഗതാഗതയോഗ്യമല്ലാതായ വാരണിപ്പുഴ പാലത്തിന്റെ പുനർനിർമാണ പ്രവൃത്തി വ്യാഴാഴ്ച തുടങ്ങും. നേരത്തേ ചൊവ്വാഴ്ച തുടങ്ങാൻ താരുമാനിച്ചെങ്കിലും മഴ തടസ്സമാവുകയായിരുന്നു.

2019ൽ പ്രളയത്തിലാണ് മലമ്പുഴ പുഴയ്ക്ക് കുറുകെ വാരണി അക്കരക്കാട്ടിൽ നിർമിച്ച പാലത്തിന്റെ മധ്യഭാഗം തകർന്ന് തുടങ്ങിയത്. അടുത്ത പ്രളയത്തിൽ പാലത്തിന്റെ തൂണും സ്പാനും തകർന്നതോടെ ഇതുവഴിയുള്ള ബസ്സുൾപ്പെടെയുള്ള വാഹനഗതാഗതം നിരോധിച്ചു.

തകർന്ന പാലത്തിന് പകരം സമാന്തരമായി പുതിയ പാലം നിർമാണത്തിനുള്ള ഫണ്ട് കഴിഞ്ഞ സർക്കാർ അനുവദിച്ചിട്ടുണ്ട്. അക്കരക്കാട്, കുനുപ്പുള്ളി, കാത്തിരക്കടവ് പ്രദേശങ്ങളിലുള്ളവർക്ക് മലമ്പുഴ പഞ്ചായത്ത്, ആശുപത്രി, സ്കൂൾ തുടങ്ങി നിരവധിയായ ആവശ്യങ്ങൾക്ക് എളുപ്പത്തിലെത്താനാവുന്ന മാർഗം ഈ വഴിമാത്രമാണ്.

പുതിയ പാലം നിർമാണം പൂർത്തിയാക്കാൻ ഒരുവർഷത്തിൽ കൂടുതൽ വേണ്ടിവരും. ഈ സാഹചര്യത്തിൽ നിലവിലെ പാലത്തിന്റെ തകർന്ന തൂൺ മാറ്റിസ്ഥാപിക്കാനാണ് തീരുമാനം. ദർഘാസ് നടപടി നടത്തിയെങ്കിലും ആരും ഏറ്റെടുക്കാനില്ലാത്തതു കാരണം ഒരു വർഷത്തിൽ കൂടുതലായി നിർമാണ പ്രവൃത്തികൾ നടന്നിരുന്നില്ല.

ഇത്തവണ കെൽ 22 ലക്ഷം രൂപയ്ക്ക് കരാർ ഏറ്റെടുത്തു. വ്യാഴാഴ്ച രാവിലെ പാലത്തിന്റെ തകർന്നഭാഗം പൊളിച്ച് മാറ്റും. തുടർന്ന്, ഇവിടെ സ്ഥാപിക്കേണ്ട ഇരുമ്പ് പാലത്തിന്റെ പണി നടത്തി ഒരു മാസത്തിനകം പുനഃസ്ഥാപിക്കും. തുടർന്ന് ഗതാഗതത്തിന് തുറന്നുകൊടുക്കും.

വ്യാഴാഴ്ച മുതൽ കാൽനടയുൾപ്പെടെ ഗതാഗതം പൂർണമായും തടസ്സപ്പെടും. പ്രദേശത്തെ ജനത്തിന് താത്‌കാലിക ബുദ്ധിമുട്ടുണ്ടെങ്കിലും പണി ഏറ്റെടുത്തിട്ടുള്ളവരുമായി സഹകരിച്ച് പാലം പണി പൂർത്തിയാക്കണമെന്ന് എ. പ്രഭാകരൻ എം.എൽ.എ. പ്രദേശവാസികളോട് അഭ്യർഥിച്ചു.