പാലക്കാട് : പരിചയപ്പെട്ടവരുടെയെല്ലാം മനസ്സിൽ ആഴത്തിൽ പതിയുന്ന വ്യക്തിത്വം. ലാളിത്യവും എളിമയും സാത്വികഭാവവും ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച എഴുത്തുകാരൻ. അറിവുനേടാനും പകർന്നുനൽകാനും ഉത്സാഹിച്ച അധ്യാപകൻ. ബുധനാഴ്ച അന്തരിച്ച പ്രൊഫ. വി.കെ. എഴുത്തച്ഛനെക്കുറിച്ച് ഓർക്കുമ്പോൾ സഹപ്രവർ‍ത്തകർക്ക് പെട്ടെന്ന് പറയാൻ കഴിയുന്നത് ഇതാണ്. സാഹിത്യരംഗത്തും അധ്യാപനരംഗത്തും അത്രമേൽ സ്വാധീനം ചെലുത്തിയാണ് അദ്ദേഹം കടന്നുപോകുന്നത്.

1927-ൽ കടമ്പഴിപ്പുറം പെരിങ്ങോട്ടെ വയങ്കരപ്പാടത്ത് കുട്ടികൃഷ്ണൻ എഴുത്തച്ഛന്റെയും മീനാക്ഷി അമ്മയുടെയും മകനായാണ് പ്രൊഫ. വി.കെ. എഴുത്തച്ഛൻ ജനിച്ചത്. കടമ്പഴിപ്പുറം ബോർഡ് സ്കൂളിലും സംസ്കൃത കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് നൂറണി ഹൈസ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കോളേജ് അധ്യാപകനായി. 1987വരെ അധ്യാപകജീവിതം തുടർന്നു. ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിൽ മലയാള വിഭാഗം മേധാവിയായിട്ടാണ് വിരമിച്ചത്.

വി. കുഞ്ഞികൃഷ്ണൻ എന്ന പേരിലാണ്‌ തുടക്കകാലത്ത് എഴുതിയിരുന്നത്‌. നിരവധി പ്രസിദ്ധീകരണങ്ങളിൽ കവിതകൾ അച്ചടിച്ചുവന്നു. സാന്ദീപനി എന്ന പേരിൽ ഗൈഡുകളിൽ എഴുതിയിരുന്നു.

വിരമിച്ച ശേഷമല്ല അദ്ദേഹം എഴുത്തിലേക്ക് തിരിഞ്ഞതെന്ന് ശിഷ്യനും സുഹൃത്തും വിക്ടോറിയ കോളേജ് മലയാള വിഭാഗം മുൻ മേധാവിയുമായ ഡോ. പി. മുരളി ഓർക്കുന്നു. പഠിപ്പിക്കലും എഴുത്തും ഒരേസമയം കൊണ്ടുപോയി. ഗൈഡുകൾ എഴുതുന്നതിനായുള്ള വായനയും അറിവുതേടിയുള്ള യാത്രയും അദ്ദേഹത്തിന്റെ എഴുത്തിനെയും സ്വാധീനിച്ചു. എഴുതിയ കവിതകൾ സുഹൃത്തുക്കളെ വായിച്ചുകേൾപ്പിക്കുന്നതും പതിവായിരുന്നു.

ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെടുത്തി പാഠഭാഗങ്ങൾ വിവരിച്ചു നൽകുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേതെന്നും ഡോ. പി. മുരളി ഓർക്കുന്നു.

ഒരേസ്ഥായിയിൽ ക്ലാസുകൾ കൊണ്ടുപോയി. അതും ലളിതമായി, വിദ്യാർത്ഥി മനസ്സുകളിൽ കൊത്തിവെച്ചു. ലയിച്ചു പഠിപ്പിക്കുന്ന രീതിയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പാലക്കാട്ട് സാഹിത്യപരിപാടികൾ നടക്കുമ്പോൾ ഒറ്റപ്പാലത്തെ ക്ലാസ് കഴിഞ്ഞ് ഉടൻ പാലക്കാട്ടേക്ക് തിരിക്കും. പരിപാടി തുടങ്ങിയാലും അതിൽ പങ്കെടുത്തേ വീട്ടിലേക്ക് മടങ്ങൂവെന്നും ഡോ. പി. മുരളി പറയുന്നു.

അധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ച ശേഷവും സാഹിത്യരചനകളിൽ സജീവമായിരുന്നു അദ്ദേഹമെന്ന് മകൾ രാജശ്രീ ഓർക്കുന്നു. ഭാഷാ ക്ലാസുകൾ നടത്താനും തത്പരനായിരുന്നു. പുസ്തകങ്ങളുടെ വലിയ ശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു.

കവിത, ബാലസാഹിത്യം, സ്വതന്ത്ര വിവർത്തനം, ലഘുനാടകം, ഭാഷാവിവർത്തനം എന്നീ വിഭാഗങ്ങളിലായ പതിനഞ്ചിലധികം കൃതികൾ പ്രൊഫ. വി.കെ. എഴുത്തച്ഛൻ രചിച്ചിട്ടുണ്ട്. കവിതകൾ ഉൾക്കൊള്ളിച്ചുള്ള ‘ഉതിർമണികൾ, പിടിതാളുകൾ’ എന്ന കാവ്യസമാഹാരം 2017-ൽ പുറത്തിറക്കി.

പുഞ്ചിരിപ്പൊരുൾ എന്ന കവിതാസമാഹാരത്തിനാണ് 2005-ലെ സംസ്ഥാന സർക്കാരിന്റെ ഗുരുപൂജാ പുരസ്കാരം ലഭിച്ചത്.