കിഴക്കഞ്ചേരി : സമ്പൂർണ വൈദ്യുതീകരണജില്ലയായി പ്രഖ്യാപിച്ച പാലക്കാട്ടിൽ ഇന്നും വൈദ്യുതിലഭിക്കാതെ 66 കർഷക കുടുംബങ്ങൾ. കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയായ പാലക്കുഴിയിലെ പോത്തുമട, പാത്തിപ്പാറ, വിലങ്ങൻപാറ, കൽക്കുഴി, പി.സി.എ. എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് ഇരുട്ടിൽക്കഴിയുന്നത്.

സോളാർപാനൽ വഴി ലഭിക്കുന്ന മങ്ങിയ വെളിച്ചത്തിലാണ് ഇവരുടെ ജീവിതം. മഴക്കാലമായതിനാൽ മിക്ക ദിവസങ്ങളിലും സോളാർപാനലിന്റെ ബാറ്ററിയിൽ ചാർജുണ്ടാവില്ല. പിന്നെയുള്ള ആശ്രയം മണ്ണെണ്ണവിളക്കും മെഴുകുതിരിയുമാണ്. വൈദ്യുതി ഇല്ലാത്തതിനാൽ കുട്ടികളുടെ പഠനവും കൃത്യമായി നടക്കുന്നില്ലെന്ന് രക്ഷിതാവായ വേലംപറമ്പിൽ ബിജു പറയുന്നു.

വനംവകുപ്പിന്റെ രേഖകൾപ്രകാരം ഇവർ താമസിക്കുന്ന സ്ഥലം വനഭൂമിയിൽ ഉൾപ്പെട്ടതാണ് വൈദ്യുതി ലഭിക്കുന്നതിന് തടസ്സമാകുന്നത്. വടക്കഞ്ചേരി കർഷകസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കർഷകർ ഭൂമി തങ്ങളുടേതാണെന്ന് തെളിയിക്കുന്ന രേഖകൾ വനംവകുപ്പിന് കൈമാറിയിട്ടുണ്ട്. ഇവ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

മന്ത്രിയുടെഉറപ്പിൽ പ്രതീക്ഷ

ഈവർഷം ഫെബ്രുവരിയിൽ അന്നത്തെ മന്ത്രി വി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിൽ പാലക്കാട്ട് നടന്ന സാന്ത്വനസ്പർശം അദാലത്തിൽ വൈദ്യുതികണക്ഷൻ നൽകണമെന്ന് നിർദേശിച്ചിരുന്നു. മാനുഷികപരിഗണന കണക്കിലെടുത്ത് നടപടി സ്വീകരിക്കാനായിരുന്നു നിർദേശം.

ഉദ്യോഗസ്ഥർ സമ്മതംമൂളിയെങ്കിലും തുടർനടപടിയുണ്ടായില്ല. ശനിയാഴ്ച കർഷകസംരക്ഷണ സമിതി ഭാരവാഹികൾ വനംമന്ത്രി എ.കെ. ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തി.

പ്രശ്‌നം പരിഹരിക്കാമെന്നറിയിച്ച മന്ത്രിയുടെ ഉറപ്പിലാണ് ഇപ്പോൾ കർഷകരുടെ പ്രതീക്ഷ.

വയറിങ്ങും നടത്തി ലൈനും വലിച്ചു, പക്ഷേ

സമ്പൂർണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി 2009-ൽ ഇവിടേക്ക് കെ.എസ്.ഇ.ബി. ലൈൻ വലിക്കുകയും വീട്ടുകാർ വയറിങ് നടത്തുകയും ചെയ്തിരുന്നു. കണക്ഷൻ കൊടുക്കേണ്ട ഘട്ടമെത്തിയപ്പോൾ പ്രദേശം വനഭൂമിയിൽ ഉൾപ്പെട്ടതാണെന്നും തുടർനടപടി നിർത്തണമെന്നും കാണിച്ച് വനംവകുപ്പ് കെ.എസ്.ഇ.ബി.ക്ക് കത്തുനൽകി. ഇതിനുപുറമെ കെ.എസ്.ഇ.ബി. യുടെ പേരിൽ കേസും രജിസ്റ്റർചെയ്തു. ഇതോടെ കെ.എസ്.ഇ.ബി. പിൻമാറി. പോസ്റ്റിടുന്നതിനും ലൈൻ വലിക്കുന്നതിനും കെ.എസ്.ഇ.ബി. 19,60,000 രൂപയാണ് ചെലവഴിച്ചത്.

വീട്ടുകാർ കണക്ഷനുവേണ്ടി കെ.എസ്.ഇ.ബി.യിൽ പണവം അടിച്ചിരുന്നു. ഇതെല്ലാം ഇപ്പോൾ വെറുതെയായ നിലയിലാണ്.