കിഴക്കഞ്ചേരി : പാലക്കുഴിയിൽ പൊൻമുടിമലയിൽ നിന്ന് കൂറ്റൻ പാറക്കല്ല് വീടുകൾക്കു സമീപമുള്ള വെള്ളച്ചാലിലൂടെ ഉരുണ്ട് താഴേക്ക് പതിച്ചു. കൽക്കുഴിഭാഗത്തുള്ള മൺറോഡിനു സമീപം കല്ല് മണ്ണിൽപ്പതിഞ്ഞ് നിന്നതിനാൽ വലിയ അപകടം ഒഴിവായി. റോഡിന്റെ താഴ് ഭാഗത്ത് തുടർച്ചയായി വീടുകളുള്ള സ്ഥലമാണ്. ബുധനാഴ്ചരാവിലെ ആറുമണിയോടെയാണ് സംഭവം. വലിയശബ്ദംകേട്ട് ഭയന്ന് ആളുകൾ വീടിനുപുറത്തിറങ്ങി. ഉരുൾപൊട്ടലോ ഭൂമി കുലുക്കമോ ആണെന്നാണ് ആദ്യം കരുതിയത്. മൂന്ന് കിലോമീറ്റർ അകലെയുള്ള അഞ്ചു മൊക്ക് കവലവരെ ശബ്ദംകേട്ടതായി നാട്ടുകാരനായ പി.എൻ. രാജൻ പറഞ്ഞു. പാലക്കുഴിയോടുചേർന്നുള്ള പീച്ചി വനമേഖലയിലെ ഏറ്റവും ഉയർന്ന മലയാണ് പൊൻമുടി. തുടർച്ചയായി പെയ്ത മഴയിൽ പാറക്കല്ലിന്റെ അടിയിലുള്ള മണ്ണൊലിച്ചുപോയതാകാം താഴേക്ക് പതിക്കാനിടയാക്കിയതെന്ന് റവന്യൂ അധികൃതർ പറഞ്ഞു. ബുധനാഴ്ച മഴ കുറഞ്ഞതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മഴ ശക്തിപ്പെട്ടാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും റവന്യൂ അധികൃതർ അറിയിച്ചു.

ഭൂമികുലുക്കത്തിന്റെ ഞെട്ടൽ മാറുംമുമ്പേ ഓഗസ്റ്റ് 18-ന് പാലക്കുഴിയിലുണ്ടായ ഭൂമികുലുക്കത്തിൽ 13 വീടുകൾക്ക് വിള്ളൽവീണിരുന്നു. ഇതിന്റെ ഞെട്ടൽ മാറുംമുമ്പേയാണ് ആശങ്കയുയർത്തി പാറക്കല്ല് താഴേക്ക് പതിച്ച സംഭവമുണ്ടായത്. പീച്ചി ഉൾവനത്തിൽ റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് 57 ദിവസം മുമ്പ് പാലക്കുഴിയെ വിറപ്പിച്ചത്. 2018-ൽ പാലക്കുഴി മേഖലയിൽ 18 ഇടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി.