ആനക്കര : കാലംതെറ്റി പെയ്ത മഴ ആനക്കര, കപ്പൂർ മേഖലയിലെ കർഷകരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു.

രണ്ടാംവിള നടീൽനടത്തിയ പാടശേഖരങ്ങൾ പലതും പൂർണമായും വെള്ളത്തിനടിയിലായി. പലേടത്തും നട്ട ഞാറും കെട്ടിയവരമ്പും ഒലിച്ചുപോയി.

കപ്പൂർപഞ്ചായത്തിലെ കുമരനല്ലൂർ, പള്ളങ്ങാട്ടുച്ചിറ, ചേക്കോട്, അമേറ്റിക്കര എന്നിവിടങ്ങളിലും ആനക്കര പഞ്ചായത്തിലെ മുണ്ട്രക്കോട്, കൂടല്ലൂർ, ആനക്കര, മലമൽക്കാവ്, നയ്യൂർ, പോട്ടൂർ എന്നീ പാടശേഖരങ്ങളിലുമാണ് കൃഷിനാശം സംഭവിച്ചത്.

ആനക്കര, കപ്പൂർ പഞ്ചായത്ത് പരിധിയിൽ ഏതാണ്ട് 50 ഏക്കറോളം കൃഷിയാണ് വെള്ളത്തിനടിയിലായത്. മഴയിൽ തോട് ഗതിമാറി ഒഴുകിയതിനെത്തുടർന്ന് നടീൽനടത്തിയ 30 ഏക്കറോളം വരുന്ന പോട്ടൂർപാടശേഖരം പൂർണമായും വെള്ളത്തിൽ മുങ്ങി. പാടശേഖരത്തിന് സമീപത്തുകൂടെ കടന്നുപോകുന്ന ആനക്കര-നീലിയാട് തോട് മഴയിൽ ഗതിമാറി ഒഴുകി.

മേഖലയിലെ പലരും കൃഷിഭൂമി പാട്ടത്തിനൊടുത്താണ് കൃഷിനടത്തുന്നത്.

പലേടത്തും ഓവുചാലുകൾ നികത്തപ്പെട്ട നിലയിലുമാണ്. കൈത്തോടുകൾ പുനഃസ്ഥാപിക്കയോ നിലവിലുള്ളവ ആഴംകൂട്ടി പാർശ്വഭിത്തി നിർമിച്ച് നവീകരിക്കയോ ചെയ്താൽമാത്രമേ പാടശേഖരങ്ങളിലെ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള തടസ്സം നീങ്ങുകയുള്ളൂവെന്നാണ് കർഷകർ പറയുന്നത്.

ആനക്കര പഞ്ചായത്തിൽ 250 ഹെക്ടറും കപ്പൂർ പഞ്ചായത്തിൽ 280 ഹെക്ടറുമാണ് നെൽക്കൃഷിയുള്ളത്.