ആലത്തൂർ : ഒന്നരമാസം മുമ്പ് കാണാതായ മകളെക്കുറിച്ചുള്ള വിവരമൊന്നും അറിയാൻ കഴിയാതെ കണ്ണീരോടെ ഒരു കുടുംബം. സൂചനകളൊന്നും ലഭിക്കാത്ത തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം പോലീസിന് വെല്ലുവിളിയായി. പോലീസ് പ്രമുഖ പത്രങ്ങളിലെല്ലാം ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. പുതിയങ്കം ഭരതൻ നിവാസിൽ രാധാകൃഷ്ണന്റെയും സുനിതയുടെയും മൂത്തമകൾ സൂര്യ കൃഷ്ണയെ (21) കാണാതായത് ഓഗസ്റ്റ് 30ന് രാവിലെ 11.15-ഓടെയാണ്.

തമിഴ്‌നാട്ടിൽ സൂര്യ കൃഷ്ണയുടെ ബന്ധുക്കൾ താമസിക്കുന്ന പ്രദേശങ്ങളിൽ ആലത്തൂർ പോലീസ് പോയി അന്വേഷണം നടത്തിയിരുന്നു. ഗോവയിൽ വീടുവെച്ച് താമസിക്കണമെന്ന ആഗ്രഹം പലപ്പോഴും പറഞ്ഞിരുന്നതായി വീട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഗോവയിലും അന്വേഷണസംഘം പോയെങ്കിലും ഫലം ഉണ്ടായില്ല.

സ്വന്തമായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും എ.ടി.എം. കാർഡും എടുക്കാതെ രണ്ടുജോഡി വസ്ത്രം മാത്രമായി ഒരു പെൺകുട്ടി യാതൊരു സൂചനയും അവശേഷിപ്പിക്കാതെ അപ്രത്യക്ഷയായത് അന്വേഷണസംഘത്തെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. സുഹൃത്തുക്കളോടും അയൽവാസികളോടും ബന്ധുക്കളോടും നിശ്ചിത അകലം പാലിക്കുന്ന പ്രകൃതമായിരുന്നു.

ആലത്തൂരിലെ ബുക്ക് സ്റ്റാളിലേക്ക് വരികയാണ്, അച്ഛൻ അവിടേക്ക് വരണമെന്ന് പറഞ്ഞാണ് സൂര്യ കൃഷ്ണ വീട്ടിൽ നിന്നിറങ്ങിയത്. അച്ഛൻ രാധാകൃഷ്ണൻ ബുക്ക്‌സ്റ്റാളിൽ ഏറെനേരം കാത്തിരുന്നെങ്കിലും മകൾ എത്തിയില്ല. ഇതേ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.

പത്തിലും പ്ലസ്ടുവിനും എല്ലാ വിഷയത്തിനും എപ്ലസ് നേടിയ സൂര്യ കൃഷ്ണ പാലായിലെ പരിശീനകേന്ദ്രത്തിൽനിന്ന് മെഡിക്കൽ എൻട്രൻസ് പരിശീലനം നേടിയെങ്കിലും പ്രവേശനം കിട്ടിയില്ല. പാലക്കാട് മെഴ്‌സി കോളേജിൽ ബിരുദ വിദ്യാർഥിയാണ്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിട്ടുണ്ട്. ആലത്തൂർ ഡിവൈ.എസ്.പി. കെ.എ. ദേവസ്യ, ഇൻസ്‌പെക്ടർമാരായ റിയാസ് ചാക്കീരി, ദീപക് കുമാർ എന്നിവരടങ്ങിയ ഏഴംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്.