കോയമ്പത്തൂർ : നവരാത്രിയാഘോഷങ്ങളുടെ സമാപ്തിദിവസങ്ങളായ നവമി, ദശമി ദിവസങ്ങളിലേക്കുള്ള പൂജാസാധനങ്ങൾ വാങ്ങാനായി കോയമ്പത്തൂർ നഗരത്തിൽ തിരക്കുകൂടി. വിവിധ ക്ഷേത്രങ്ങൾ അലങ്കരിക്കാനും നിത്യപൂജകൾക്കും അത്യാവശ്യംവേണ്ട പൂക്കൾക്ക് വില കുത്തനെ ഉയർന്നു.

കഴിഞ്ഞയാഴ്ചവരെ കിലോഗ്രാമിന്‌ 300 രൂപയുണ്ടായിരുന്ന മല്ലി ഇപ്പോൾ 800 രൂപയായി ഉയർന്നു. 40 രൂപയുടെ വാടാമല്ലി 240 രൂപയ്ക്കും വിൽപ്പനയായി.

ജമന്തി കിലോഗ്രാമിന്‌ 400 രൂപയും താമര രണ്ടുരൂപയിൽനിന്ന് 20 രൂപയായും പിച്ചിപ്പൂ കിലോഗ്രാമിന്‌ ആയിരം രൂപയുമായി ഉയർന്നു. മുഹൂർത്തദിനങ്ങൾ ഇല്ലാത്ത മാസത്തിൽ വിൽപ്പന കൂടുന്നത് ഈ രണ്ടുദിനങ്ങൾ മാത്രമാണെന്നാണ് വ്യാപാരികളുടെപക്ഷം. വിലവർധന കാര്യമാക്കാതെയാണ് പൂക്കൾ വിറ്റുപോകുന്നതെന്ന് വ്യാപാരി മുജീബ് പറഞ്ഞു.

വാഴയിലകളും കരിമ്പും പൊരിയും മറ്റ് പൂജാ സാധനങ്ങളും എല്ലാം തീവില കൊടുത്തേ വാങ്ങാനാവൂ. കരിമ്പ് ജോഡി 80 രൂപ മുതൽ 100 വരെയായി.

മഴ തുടരുന്നതിനിടെ എത്തിയ വാഴയിലയ്ക്കും വില കൂടുതലാണ്. മധുരപലഹാരങ്ങൾക്കും വ്യാപാരികൾ വില കൂട്ടിത്തുടങ്ങി. എണ്ണയടക്കമുള്ള അസംസ്കൃത സാധനങ്ങൾക്ക് വില കൂടിയതോടെ പൊതുവേ ഈ വർഷത്തെ നവരാത്രിയാഘോഷങ്ങൾ വിലവർധനയിലും വ്യാപാരികൾക്ക് നേട്ടമുണ്ടാക്കി. ഇത് വിപണിയിൽ ചലനം സൃഷ്ടിക്കാൻ സാധിച്ചു.

ഊട്ടി: ഊട്ടിയിലും നവരാത്രിയാഘോഷത്തിെന്റ തിരക്ക് കൂടി. മാർക്കറ്റിൽ പൂജയ്ക്കാവശ്യമായ കരിമ്പ്, പഴങ്ങൾ, പൊരി, മധുരപലഹാരങ്ങൾ, പൂജാ സാധനങ്ങൾ എന്നിവ വാങ്ങാൻ മഹാനവമിയുടെ തലേന്നാൾ ആളുകളെത്തി. പഴങ്ങൾക്കും തീവിലയാണ് കോവിഡ് കാരണം കഴിഞ്ഞവർഷം നഷ്ടപ്പെട്ട നവരാത്രി ആഘോഷം ഈ വർഷം നല്ലരീതിയിൽ കൊണ്ടാടാൻ ഒരുങ്ങുകയാണ് ഊട്ടി നിവാസികൾ.

ചെന്നൈ : നവരാത്രി ആഘോഷം പരിസമാപ്തിയിലേക്കെത്തുമ്പോൾ വിശ്വാസപൂർവം പൂജവെച്ച് ഭക്തർ. കോവിഡിന്റെ സാഹചര്യത്തിൽ നഗരത്തിൽ മിക്കവരും വീടുകളിൽത്തന്നെയാണ് പൂജ വെച്ചിരിക്കുന്നത്. വ്യാഴാഴ്ച മഹാനവമി ദിനം കഴിഞ്ഞ് വെള്ളിയാഴ്ച വിദ്യാരംഭം നടക്കും.

ഹൈന്ദവ സംഘടനകളുടെയും മലയാളി സമാജങ്ങളുടെയും നേതൃത്വത്തിൽ വിദ്യാരംഭം ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട്. കോവിഡ് ജാഗ്രതാനിർദേശങ്ങൾ നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് ക്ഷേത്രങ്ങളിൽ ദർശനത്തിന് നിയന്ത്രണങ്ങളുണ്ട്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനവുമില്ല.

വിജയദശമി ദിവസം വെള്ളിയാഴ്ച വരുന്നതിനാൽ അന്ന് ക്ഷേത്രങ്ങൾ തുറക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാമെന്നാണ് മദ്രാസ് ഹൈക്കോടതി കഴിഞ്ഞദിവസം പറഞ്ഞത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ആലോചനായോഗം ചേർന്നെങ്കിലും ക്ഷേത്രങ്ങളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഭക്തരെ അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വിശ്വാസകാര്യത്തിൽ സർക്കാർ അനുകൂല തീരുമാനമെടുക്കുമെന്നാണ് ഭക്തർ പ്രതീക്ഷിക്കുന്നത്.

അതേസമയം, ശനി, ഞായർ ദിവസങ്ങളുമായി ചേർന്നുവരുന്നതിനാൽ പൂജാ അവധിക്ക് സ്വദേശങ്ങളിലേക്ക് പോകാൻ വലിയ തിരക്കാണ് നഗരത്തിലെ ബസ് സ്റ്റാൻഡുകളിലുണ്ടായത്. തെക്കൻ ജില്ലകളിലേക്കാണ് കൂടുതൽ തിരക്കുണ്ടായിരുന്നത്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് സർക്കാർ കൂടുതൽ ബസ് സർവീസുകൾ നടത്തി. സ്വകാര്യ ബസുകളിലും തിരക്കായിരുന്നു. അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകൾക്കെതിരേ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി മുന്നറിയിപ്പ് നൽകി. നഗരപ്രാന്തങ്ങളിലേക്കുള്ള സബർബൻ തീവണ്ടികളിലും യാത്രക്കാരുടെ തിരക്കുണ്ടായി.

നവരാത്രിയോടനുബന്ധിച്ച് കോയമ്പേട് ഉൾപ്പെടെ നഗരത്തിലെ വലുതും ചെറുതുമായ ചന്തകളിലും തിരക്കനുഭവപ്പെട്ടു. പൂ വ്യാപാരവും പൊടിപൊടിച്ചു.