ആലത്തൂർ : ഭീതിവിതച്ച തമിഴ് കുറുവാസംഘത്തിൽ ഉൾപ്പെട്ട മൂന്ന് മോഷ്ടാക്കൾ കുടുങ്ങി. തമിഴ്‌നാട് തിരുപ്പുവനം വണ്ടാനഗർ മാരിമുത്തു (ഐയ്യാറെട്ട്-50), കോഴിക്കോട് തലക്കുളത്തൂർ എടക്കര പാണ്ഡ്യൻ (തങ്ക പാണ്ഡി-47), തഞ്ചാവൂർ ബൂധല്ലൂർ അഖിലാണ്ടേശ്വരിനഗർ പാണ്ഡ്യൻ (സെൽവി പാണ്ഡ്യൻ-40) എന്നിവരാണ് അറസ്റ്റിലായത്. ആലത്തൂർ ഡിവൈ.എസ്.പി. കെ.എം. ദേവസ്യ, നെന്മാറ സി.ഐ. ദീപകുമാർ, വടക്കഞ്ചേരി സി.ഐ. മഹേന്ദ്രസിംഹൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ വലയിലാക്കിയത്.

മാരിമുത്തുവും സെൽവി പാണ്ഡ്യനുമാണ് മോഷണം നടത്തുക. ഇവരെ തമിഴ്‌നാട് ആനമലയിൽനിന്നാണ് പിടികൂടിയത്. മോഷണമുതൽ ഒളിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നത് തങ്കപാണ്ഡിയാണ്. ഇയാളെ കോഴിക്കോട് എടക്കരയിൽനിന്നാണ് പിടികൂടിയത്. കോഴിക്കോട് ബാലുശ്ശേരിയിൽ വിറ്റ മോഷണസാധനങ്ങൾ പോലീസ് കണ്ടെടുത്തു. മാരിമുത്തുവിന്റെപേരിൽ തഞ്ചാവൂർ, മധുര, രാമനാഥപുരം എന്നിവിടങ്ങളിലായി മുപ്പതിലധികം കേസുകളുണ്ട്. സെൽവിപാണ്ഡ്യൻ 10 കേസുകളിൽ പ്രതിയാണ്.

എസ്.ഐ.മാരായ സുധീഷ് കുമാർ, നാരായൺ, എ.എസ്.ഐ. ബിനോയ് മാത്യു, എസ്.സി.പി.ഒ. സജീവൻ, ക്രൈം സ്‌ക്വാഡ് എ.എസ്.ഐ.മാരായ ജേക്കബ്, റഷീദലി, എസ്.സി.പി.ഒ. എ. മാധവൻ, സാജിത്ത്, ബാബു, കൃഷ്ണദാസ്, ഷിബു, ഷിജു, സുധീഷ്, സൈബർ സെല്ലിലെ വിനു, ശ്രീജിത്ത്, മനാഫ്, സാജു എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

സമ്മതിച്ചത് 15 മോഷണങ്ങൾ

ജനുവരിമുതൽ സെപ്തംബർവരെ ഒറ്റപ്പാലം, വടക്കഞ്ചേരി, നെന്മാറ, തൃശ്ശൂർ ചെറുതുരുത്തി, കോഴിക്കോട് എടക്കര എന്നിവിടങ്ങളിൽ 15 മോഷണങ്ങൾ നടത്തിയതായി ഇവർ സമ്മതിച്ചു. എട്ട് കേസുകളിലെ തൊണ്ടിമുതൽ കണ്ടെടുത്തു.

ഓഗസ്റ്റ് 31ന് വടക്കഞ്ചേരി പള്ളിക്കാട്ട് വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീയുടെ മൂന്നേമുക്കാൽ പവൻ മാല പൊട്ടിച്ച സംഭവത്തിൽ ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. വടക്കഞ്ചേരി പരുവാശ്ശേരി നെല്ലിയാംപാടത്ത് ഒക്ടോബർ രണ്ടിന് മോഷണശ്രമം നടത്തിയ ദൃശ്യങ്ങളും ലഭിച്ചു. നെന്മാറയിൽ ഒക്ടോബർ അഞ്ചിനും കൊല്ലങ്കോട് ഒക്ടോബർ ഏഴിനും മോഷണം നടത്തി.

ജനുവരി ആറിന് ഒറ്റപ്പാലം പൂക്കോട്ടുകുന്നിലെ വീട്ടിൽ മോഷണം നടത്തി. ജനുവരി എട്ടിന് ലക്കിടിയിലെ സ്ത്രീയുടെ മാല പൊട്ടിച്ചു. മാർച്ച് 12-ന് ഒറ്റപ്പാലം ചോറോട്ടൂരിലെ വീട്ടിൽ കയറി മാല കവർന്നശേഷം പുഴകടന്ന് ചെറുതുരുത്തിയിലെ വീട്ടിൽ കയറി മാല കവർന്നു. ജൂലായ് 30-ന് കോഴിക്കോട് എലത്തൂരിലെ വീടിന്റെ വാതിൽ തകർത്ത് സ്വർണവും പണവും കവർന്നു. ഓഗസ്റ്റ് നാലിന് എലത്തൂരിലെ മറ്റൊരു വീട്ടിലും കവർച്ച നടത്തി. ഓഗസ്റ്റ് 31-ന് വടക്കഞ്ചേരിയിലെത്തി മറ്റൊരു വീട്ടിൽ കയറി.

മോഷണത്തിന് പ്രത്യേക ശൈലി

പകൽ ബസിൽ യാത്രചെയ്താണ് മോഷണം നടത്താനുള്ള സ്ഥലത്ത് എത്തുക. വീടുകളുടെ പരിസരത്തുനിന്നുതന്നെ ആയുധങ്ങൾ ശേഖരിക്കും.

മോഷണശേഷം കമ്പം, തേനി, തഞ്ചാവൂർ, ആനമല പ്രദേശങ്ങളിൽ മാറിമാറി താമസിക്കും. സ്ഥിരമായി ഒരേ മൊബൈൽ നമ്പർ ഉപയോഗിക്കില്ല. മോഷണത്തിനുപോകുമ്പോൾ താമസസ്ഥലത്ത് ഫോൺ ഓഫ് ചെയ്തുവെക്കും. മോഷണത്തിനിടെ വീട്ടുകാർ പ്രതിരോധിച്ചാൽ ആക്രമിക്കും. വാതിൽ തകർത്ത് അകത്ത് കയറുന്നതാണ് പതിവ്.

കുറുവാ സംഘം

തമിഴ്‌നാട്ടിലെ കുറുവാ വിഭാഗത്തിലെ മോഷ്ടാക്കളാണ് കുറുവാസംഘം. പകൽ ബസിൽ വന്ന് സ്ഥലങ്ങളും വീടുകളും നിരീക്ഷിച്ച് പറമ്പുകളിലും മറ്റും ഒളിഞ്ഞിരിക്കും. മോഷണം നടത്തുന്ന വീടുകളിൽനിന്ന് ലഭിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ച് വാതിലുകൾ പൊളിച്ച് കയറും. തമിഴ്‌നാട്ടിൽനിന്ന് ആനമല, പോത്തനൂർ, മധുക്കര, ചാവടി, വാളയാർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കേരളത്തിലേക്ക് ഇവരുടെ സഞ്ചാരദിശ. കമ്പിവടിയും വാളുമായി നീങ്ങുന്ന ഇവർ ആയുധപരിശീലനം നേടിയവരാണ്. നൂറോളം വരുന്ന കവർച്ചക്കാരാണ് കുറുവാസംഘം. പകൽസമയങ്ങളിൽ വ്യത്യസ്ത സംഘങ്ങളായി തിരിഞ്ഞ് വീടുകളിലെത്തി പരിസരം മനസ്സിലാക്കും. ആക്രിസാധനങ്ങളും മറ്റും ശേഖരിക്കാനും പൊട്ടിയബക്കറ്റ് ഒട്ടിക്കാനുമെന്ന വ്യാജേനയെത്തി കവർച്ചയ്ക്കുള്ള നിരീക്ഷണം നടത്തും. ശരീരത്തിൽ മുഴുവൻ എണ്ണതേച്ച്‌ മുഖംമൂടിധരിച്ച് രാത്രിയിൽ മാരകായുധങ്ങളുമായി വീടുകളിലെത്തും. എതിർക്കാൻ ശ്രമിക്കുന്നവരെ കീഴ്‌പ്പെടുത്തി കവർച്ചനടത്തി മടങ്ങുന്നതാണ് ഇവരുടെ ശൈലിയെന്ന് പോലീസ് പറയുന്നു.