പട്ടാമ്പി : മഹാകവി അക്കിത്തം അനുസ്മരണം 15-ന് കുമരനല്ലൂർ ജി.എച്ച്.എസ്. സ്‌കൂളിൽ നടക്കും.

കപ്പൂർ ഗ്രാമപ്പഞ്ചായത്ത്, കുമരനല്ലൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, കുമരനല്ലൂർ ഗവ. ലോവർ പ്രൈമറി സ്‌കൂൾ, സർഗശക്തി വായനശാല എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സെമിനാർ, ചിത്രരചന, മൊസൈക്ക് ആർട്ട്, സാംസ്‌കാരിക സമ്മേളനം, പൊതുസമ്മേളനം എന്നിവ നടക്കും. രാവിലെ 9.30-ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.കെ. നാരായണദാസ് ഉദ്ഘാടനം ചെയ്യും. തുടർന്ന്, 'അക്കിത്തം കവിതകളിലെ രാഷ്ട്രീയം' എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടം, ‘അക്കിത്തം കവിതകളിലെ കാവ്യശില്പം, ഭാഷ, താളം, സംഗീതം’ എന്ന വിഷയത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ, ‘അക്കിത്തം കവിതകളിലെ മതേതരത്വം’ എന്ന വിഷയത്തിൽ കെ. മനോഹരൻ, ടി.കെ. നാരായണദാസ് എന്നിവർ വിഷയാവതരണം നടത്തും.

തുടർന്ന് അക്കിത്തം നാരായണന്റെ നേതൃത്വത്തിൽ ചിത്രരചന, മൊസൈക്ക് ആർട്ട് എന്നിവയുണ്ടാകും. ഇടയ്ക്ക അവതരണവുമുണ്ടാകും. വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എം.ബി. രാജേഷ് അധ്യക്ഷനാവും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി. മുഖ്യാതിഥിയാവും.