ഒറ്റപ്പാലം : 'സംസ്ഥാന ബോക്‌സിങ് ചാമ്പ്യൻഷിപ്പിന് യോഗ്യതലഭിച്ചു'. ഇടിക്കൂട്ടിലെ അധ്വാനത്തിന് കിട്ടിയ അംഗീകാരത്തിൽ പനമണ്ണയിലെ ആ അഞ്ച്‌ പെൺകുട്ടികൾക്ക് സന്തോഷം ഏറെയായിരുന്നു. തിരുവനന്തപുരത്ത് താമസിച്ച് ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ചെലവ് ആലോചിച്ചപ്പോൾ സന്തോഷം ആശങ്കയ്ക്ക് വഴിമാറി. അവർക്ക് സഹായമായി മുമ്പ് പഠിച്ച പനമണ്ണ എൻ.വി.എ.യു.പി. സ്‌കൂളും അവിടത്തെ പി.ടി.എ.യും പൂർവവിദ്യാർഥികളും രംഗത്തെത്തി. ചെലവിന് വേണ്ട തുക നൽകിയാണ് പൂർവവിദ്യാലയം ഇവർക്ക് പ്രോത്സാഹനമായത്.

ജൂനിയർ വിഭാഗത്തിൽ മത്സരിക്കുന്ന കേലശ്ശേരി രമേശിന്റെയും ഗിരിജയുടെയും മകൾ അനശ്വര (15), കൂങ്കാട്ടുപറമ്പിൽ കൃഷ്ണദാസിന്റെയും രജിതയുടെയും മക്കൾ കീർത്തന (16), സബ് ജൂനിയർ വിഭാഗത്തിൽ മത്സരിക്കുന്ന കീർത്തനയുടെ സഹോദരി ആതിര (12), നാഗലോടിയിൽ മനോജ് കുമാറിന്റെയും ലതയുടെയും മകൾ അഖില (13), കളത്തിൽ സനീഷ് കുമാറിന്റെയും ലില്ലിയുടെയും മകൾ സംഗീത (13) എന്നിവരാണ് സംസ്ഥാന ബോക്‌സിങ് ചാമ്പ്യൻഷിപ്പിന് തീവണ്ടി കയറുന്നത്. പാലക്കാടിനെ പ്രതിനിധാനം ചെയ്ത്‌ പോകുന്ന 20 അംഗ സംഘത്തിലെ അഞ്ചുപേരും പനമണ്ണയിൽ നിന്നുള്ളവരാണെന്നതാണ് പ്രത്യേകത. അഞ്ചുപേരും ജില്ല ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ മികവ് തെളിയിച്ചാണ് സംസ്ഥാന ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്.

അനശ്വരയും കീർത്തനയും സംഗീതയും മുൻ സംസ്ഥാന ചാമ്പ്യന്മാരാണ്.

അനശ്വര മുമ്പ് രണ്ടുതവണ സ്വർണം നേടിയിട്ടുണ്ട്. കീർത്തനയും അനശ്വരയും സ്‌കൂൾ ഗെയിംസിൽ വെങ്കലവും നേടി ഇടിക്കൂട്ടിൽ പനമണ്ണയുടെ കരുത്തായവരാണ്.

ഒപ്പം രണ്ടുപേർക്കും കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും നേടാനായിരുന്നു. കൂട്ടത്തിൽ ജൂനിയറായ ആതിരയൊഴികെയുള്ള നാലുപേർക്കും ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂളിൽ പ്രവേശനവും ലഭിച്ചു.

ഒറ്റപ്പാലം അയേൺഫിസ്റ്റ് ക്ലബ്ബിലൂടെ ബോക്‌സിങ് പരിശീലിക്കുന്ന അഞ്ചുപേരും പരിശീലകൻ സി. രാമകൃഷ്ണന്റെ ശിഷ്യരാണ്. വ്യാഴാഴ്ച ഇവർ തിരുവനന്തപുരത്തേക്ക് തിരിക്കും.