ഊട്ടി : 5000വർഷംമുമ്പ് മുതലുള്ള ചോക്ലേറ്റിന്റെ ചരിത്രം വിവരിച്ച് സന്ദർശകർക്ക് വേറിട്ട അനുഭവം പങ്കുവെച്ച് ഊട്ടിയിൽ ചോക്കോ സ്റ്റോറി എന്ന സംരംഭം. ചോക്‌ലേറ്റിൽ വിവിധ രൂപങ്ങളൊരുക്കി ഇതിലൂടെ ചരിത്രംപറയുകയാണിവർ. ഇന്ത്യയിൽത്തന്നെ ആദ്യത്തെ ചോക്ലേറ്റ് മ്യൂസിയമൊരുക്കി ശ്രദ്ധനേടിയ ഊട്ടിയിൽ എം ആൻഡ് എൻ എന്ന സംരംഭമാണ് ചോക്കോ സ്റ്റോറിയുടെയും അണിയറയിൽ പ്രവർത്തിച്ചത്.

ഊട്ടി എ.ടി.സി. സ്റ്റാൻഡിനടുത്ത് വൈ.എം.സി.എ. ആനന്ദഗിരിയിലാണ് ചോക്കോ സ്റ്റോറി പ്രവർത്തനമാരംഭിച്ചത്. മായൻകാലം മുതലുള്ള കൊക്കോയുടെ ചരിത്രവും തുടർന്ന്, ഏവരുടെയും പ്രിയപ്പെട്ട ചോക്ലേറ്റുവരെ രൂപാന്തരം സംഭവിച്ചതും ഇവിടെവന്നാൽ അറിയാം. ചോക്ലേറ്റിൽ തയ്യാറാക്കിയ വിവിധ രൂപങ്ങളും മാതൃകകളും കൗതുകക്കാഴ്ച ഒരുക്കുന്നുണ്ട്.

ഫസൽ റഹ്‌മാൻ, മുഹമ്മദ് ഫസൽ എന്നീ സഹോദരങ്ങളാണ് ഈ നൂതന സംരംഭത്തിന് പിന്നിൽ.