വാഹനമിടിച്ചതെന്ന് വനപാലകർ

ഊട്ടി : മുതുമല വനത്തിൽ മസിനഗുഡി അച്ചക്കരൈ റോഡരികിൽ കഴുതപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി. എട്ടുവയസ്സ് വരുന്ന ആൺ കഴുതപ്പുലിയുടെ ജഡമാണ് കണ്ടെത്തിയത്. മുതുമല കടുവസംരക്ഷണകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ശ്രീകാന്ത് ശ്രീധറിന്റെ നേതൃത്വത്തിൽ വനപാലകസംഘം സംഭവസ്ഥലത്തെത്തി പരിശോധിച്ചു.

കഴുതപ്പുലിയുടെ മുഖത്തും വായിലും മുറിവുണ്ട്. ഏതോ വാഹനമിടിച്ചതിനാൽ ചത്തതാകാമെന്ന് ശ്രീകാന്ത് പറഞ്ഞു. അന്തരിക രക്തസ്രാവമുണ്ടായതായും അതാണ് ചാകാൻ കാരണമെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.

കഴുതപ്പുലിയെ ഇടിച്ചിട്ട വാഹനത്തെയും ഓടിച്ചവരെയും കണ്ടെത്താൻ പ്രത്യേകസംഘത്തെ നിയോഗിച്ചു. വംശനാശഭീഷണിയുള്ള ഇനമാണ് കഴുതപ്പുലി. മുതുമല വനത്തിൽ സമീപകാലത്താണ് ഇവയുടെ സാന്നിധ്യം കണ്ടെത്തിയത്. മുപ്പതോളം കഴുതപ്പുലികളാണ് ഇവിടെയുള്ളതെന്നാണ് വനപാലകരുടെ നിഗമനം.